കുതിപ്പ് തുടർന്ന് സ്വര്‍ണം : ഇന്ന് കൂടിയത് 760 രൂപ, വെള്ളി വിലയിലും വർധന
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വൻ വർദ്ധനവ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവില അടിക്കടി ഉയരുകയാണ്. ഇന്ന് പവന് 760 രൂപ ഉയർന്ന് 1,08,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,46,328 രൂപയായി. വെള്ളി വിലയിലും സമാനമായ വർദ്ധനവുണ്ടായി. ഒരു കിലോഗ്രാം വെള്ളിക്ക് 3,12,500 രൂപയാണ് വില.
യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങളും ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വവുമാണ് സ്വർണവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയില്‍ സ്വർണവില ട്രോയ് ഔണ്‍സിന് 4,681 ഡോളർ നിലവാരത്തിലാണ്. ഒറ്റ ദിവസംകൊണ്ട് രണ്ട് ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായത്.
സ്വർണവില ഇനിയും ഉയരുമെന്നാണ് വിവരം. ഡോളർ സൂചിക ഇടിയുന്നതിനാല്‍ കൂടുതല്‍പേർ സ്വർണത്തിലേക്ക് അകർഷിക്കപ്പെടുന്നുണ്ട്. വൻകിട നിക്ഷേപകർ കൂട്ടത്തോടെ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. അതിന് പുറമേ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളും വർദ്ധിച്ചുവരികയാണ്. ആഭരണം വാങ്ങുന്നത് വളരെ കുറയുന്നുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വർണത്തിന്റെ ഇടപാടുകള്‍ പതിന്മടങ്ങായി ഉയർന്നു. മിക്ക ദിവസവും രണ്ട് തവണ വില ഉയരാൻ കാരണം ഇതാണ്.
ഈ മാസം ആദ്യം സ്വർണവില പവന് 99,040 രൂപയായിരുന്നു. ആഭരണമായി വാങ്ങുന്നവർക്ക് പണിക്കൂലിയും മറ്റ് അനുബന്ധ ചെലവുകളും കൂട്ടിയാല്‍ വീണ്ടും വില ഉയരും.
