January 15, 2026

സ്ഥിരം മോഷ്ടാവ് പോലീസ് പിടിയില്‍

Share

 

മീനങ്ങാടി : മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തന്‍ വീട്ടില്‍ സരുണ്‍ എന്ന ഉണ്ണി ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30ഓടെ ഏഴാംചിറയില്‍ നടന്ന ഗാനമേളക്കിടെയാണ് ഇയാള്‍ വലയിലാകുന്നത്. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മീനങ്ങാടിയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗ്രൗണ്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

 

മീനങ്ങാടിക്ക് പുറമെ കേണിച്ചിറ, അമ്പലവയല്‍ സ്‌റ്റേഷന്‍ പരിധികളില്‍ കടകള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിനും, ബൈക്ക് മോഷണത്തിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ഇയാളെ പിടികൂടിയ ശേഷം തുടര്‍നടപടികള്‍ക്കായി കേണിച്ചിറ പോലീസിന് കൈമാറി.

അന്വേഷണ സംഘത്തില്‍ എസ്.ഐ സനല്‍, ഉദ്യോഗസ്ഥരായ വരുണ്‍, ഷൈജു, രജീഷ്, അജിത്, മോഹന്‍ദാസ് എന്നിവരുമുണ്ടായിരുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.