മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും : ടി. സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ പണം കൊടുത്തില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് ടി.സിദ്ദിഖ് എംഎല്‍എ. സിപിഎം ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്വീനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിദ്ദിഖ് അടങ്ങുന്ന യുഡിഎഫ് എംഎല്‍എമാർ പണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതികരിച്ചാണ് പണം നല്‍കിയതിന്റെ രേഖകള്‍ അടക്കം ഉയർത്തിക്കാട്ടി കല്‍പ്പറ്റയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ടി. സിദ്ദിഖ് എംഎല്‍എ സിപിഎം നേതാക്കളെ വെല്ലുവിളിച്ചത്.
കള്ളം പെരുന്പറ മുഴക്കി ആയിരം തവണ ആവർത്തിച്ചാലും സത്യമാകില്ല. അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. ദുരന്തമുണ്ടായ സമയം മുതല്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ജനങ്ങളുടെ കൂടെ നില്‍ക്കാനാണ് ശ്രമിച്ചത്.
അവർക്ക് ഒരു പരിധിവരെ താങ്ങ് ആകാനായി എന്നാണ് വിശ്വസിക്കുന്നത്. അത് തന്റെ ഉത്തരവാദിത്തവുമാണ്. അത് ഇനിയും തുടരും. ടൗണ്ഷിപ്പില്‍ താൻ ആദ്യമായല്ല സന്ദർശനം നടത്തുന്നത്. ഫോട്ടോ എടുത്തോ റീല്‍സ് ഇട്ടോ ആളാകാനല്ല താൻ ടൗണ്ഷിപ്പിലേക്ക് പോകുന്നത്. ജനങ്ങള്‍ പിരിച്ചെടുത്ത് സർക്കാരിനെ ഏല്‍പ്പിച്ച പണം കൊണ്ടാണ് ടൗണ്ഷിപ്പ് നിർമാണം നടക്കുന്നത്.
എംഎല്‍എ എന്ന നിലയില്‍ താനും സർക്കാരിന്റ ഭാഗമാണ്. അതുകൊണ്ട് തന്നെ ടൗണ്ഷിപ്പിലെ പ്രവർത്തനങ്ങള്‍ വിലയിരുത്താനും മറ്റുമായി ഇനിയും ഞാൻ ടൗണ്ഷിപ്പിലേക്ക് പോകും. തന്നെ തടയാൻ ശശിക്കോ റഫീക്കിനോ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാർ 20 കോടി രൂപയാണ് ദുരന്തബാധിതർക്കായി വീടുകള്‍ നിർമിച്ചുനല്‍കാനായി നല്‍കിയത്. ഒരു സംസ്ഥാനവും ഇത്രയും തുക നല്‍കിയിട്ടില്ല. രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും നടത്തിയ ഇടപെടല്‍ കൊണ്ടാണ് ഇത്രയും തുക നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.
ജനങ്ങള്‍ നല്‍കിയ പണം കൊണ്ട് നിർമിക്കുന്ന എല്‍സ്റ്റണ് എസ്റ്റേറ്റിലെ ടൗണ്ഷിപ്പ് പദ്ധതി സിപിഎമ്മിന്റെതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടത്തുകയാണ്. അത് പൊളിഞ്ഞിരിക്കുകയാണ്. അതാണ് തനിക്കെതിരേ പച്ചക്കള്ളവുമായി എത്താൻ കാരണം.
താൻ തെലുങ്കാന സർക്കാരിന്റെ പണം വാങ്ങിയെന്നും, ദുരിതാശ്വാസനിധിയില്‍ പണം നല്‍കിയില്ലെന്നും പറഞ്ഞവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
