January 9, 2026

വിഷാംശ സാന്നിധ്യം ; കുട്ടികളുടെ പോഷകാഹാര ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ നെസ്‌ലെ

Share

 

പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിർമ്മാതാക്കളായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഉല്‍പ്പന്നത്തില്‍ വിഷാംശം കലർന്നിട്ടുണ്ടാകാം എന്ന സംശയത്തെത്തുടർന്നാണ് നടപടി. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവയാണ് തിരിച്ചുവിളിച്ചത്.

 

ജനുവരി 6-ന് നെസ്‌ലെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചില ബാച്ചുകളിലെ പാല്‍പ്പൊടികളില്‍ ‘സെറൂലൈഡ്’ (Cereulide) എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ വിഷബാധ ഏല്‍പ്പിക്കാൻ ശേഷിയുള്ള ഈ വിഷാംശം കുട്ടികളില്‍ ഛർദ്ദിക്കും മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉള്‍പ്പെടെയുള്ള 31 യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഹോങ്കോങ്ങിലും വിറ്റ ഉല്‍പ്പന്നങ്ങളെയാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

 

ഇന്ത്യയില്‍ നെസ്‌ലെ വില്‍ക്കുന്ന NAN PRO, Lactogen Pro തുടങ്ങിയ ബ്രാൻഡുകള്‍ നിലവില്‍ തിരിച്ചുവിളിച്ചവയുടെ പട്ടികയിലില്ല. എങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പട്ടിക പുതുക്കാൻ സാധ്യതയുണ്ടെന്ന് കമ്ബനി അറിയിച്ചു. ബാസിലസ് സെറസ് (Bacillus cereus) എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷാംശമാണിത്. ഇത് ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് അതായത്, പാല്‍പ്പൊടി കലക്കിയ വെള്ളം തിളപ്പിച്ചാലും ഈ വിഷാംശം നശിക്കില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്.

 

കുട്ടിക്ക് പാല്‍ നല്‍കിയ ശേഷം അമിതമായ ഛർദ്ദി, തളർച്ച, ഭക്ഷണം കഴിക്കാൻ മടി എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ഉടൻ ഡോക്ടറെ കാണുക. പാല്‍പ്പൊടി തയ്യാറാക്കുമ്ബോള്‍ അതീവ ശുചിത്വം പാലിക്കുക. വിദേശത്ത് നിന്നെത്തുന്നവർ അവിടെ നിന്ന് വാങ്ങിയ പാല്‍പ്പൊടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാച്ച്‌ നമ്ബറുകള്‍ കൃത്യമായി പരിശോധിക്കണം. നെസ്‌ലെയുടെ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ നിന്നാണ് ഈ ക്രമക്കേട് ഉണ്ടായതെന്നാണ് നിഗമനം. നിലവില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ച്‌ ആർക്കും അസുഖം ബാധിച്ചതായി റിപ്പോർട്ടുകളില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.