വണ്ടിക്കടവിൽ മാരനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി
പുൽപ്പള്ളി : വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നു പുലർച്ചെ ഒന്നരയോടെ വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടിന് അടുത്തു സ്ഥാപിച്ച ലൈവ് ക്യാമറ വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു.
2016 ലെ സെൻസസിൽ ആദ്യമായി കണ്ടെത്തിയ WW L48 എന്നു നാമകരണം ചെയ്ത ആൺ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിനു ചേർന്നു ബത്തേരി റേഞ്ചിലാണ് കണ്ടുവന്നിരുന്നത്. 2018 വരെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടുവന്ന കടുവയെ പിന്നീട് 2025 നവംബർ അവസാനം വരെ കണ്ടിരുന്നില്ല. 2025 ഡിസംബറിൽ ചെതലയത്ത് കാടിനകത്ത് മേച്ചിരുന്നു വളർത്തു മൃഗങ്ങളെ പിടികൂടിയതിനെ തുടർന്നു ശേഷം വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെ 20ന് വണ്ടിക്കടവിൽ വനത്തിനകത്ത് വച്ച് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയത്.
വനാതിർത്തിയിൽ 4 കൂടുകൾ സ്ഥാപിച്ച് നടത്തിയ ദൗത്യത്തിനിടെയാണു കടുവ കൂട്ടിൽ അകപ്പെട്ടത്. 40 ഓളം ക്യാമറ ആപ്പുകളും ലൈവ് ക്യാമറകളും സ്ഥാപിച്ചാണ് നിരീക്ഷിച്ചുവന്നത്. കഴിഞ്ഞ 20, 21 തീയതികളിൽ പ്രദേശത്തു കടുവയെ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷനായി. ഇന്നലെ പുലർച്ചെ വീണ്ടും ക്യാമറകളിൽ പതിഞ്ഞു. 2016 -18 ഡാറ്റ ബേസിലെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് കൂട്ടിൽ അകപ്പെട്ടത് മാരന ആക്രമിച്ച കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ കൂടുതൽ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി കുപ്പാടി അനിമൽ ഹോസ് പൈസിലേക്ക് മാറ്റി. കടുവയ്ക്കു 14 വയസ്സിന് അടുത്തു പ്രായം ഉള്ളതിനാലും വളർത്തു മൃഗങ്ങളെ പിടിക്കുന്നതിനും മനുഷ്യനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായതിനാലും കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കുപ്പാടിയിൽ സൂക്ഷിച്ച കടുവയെ മറ്റ് എവിടേക്കെങ്കിലും മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോക്ടർ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.
പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ടി.ഉമ വയനാട്ടിൽ ക്യാമ്പ് ചെയ്തു വരികയായിരുന്നു. 24 നു വയനാട്ടിൽ എത്തിയ വനം മേധാവി രാജേഷ് രവീന്ദ്രൻ ഓപ്പറേഷന്റെ പുരോഗതി വിലയിരുത്തിയിരുന്നു. അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻമാരായ മുബഷിർ , നസ്ന, മാനന്തവാടി ആർആർടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ആനന്ദ്, വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഷറഫ് എന്നിവരും വണ്ടിക്കടവ്, ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെയും ബത്തേരി മാനന്തവാടി ആർആർടിയിലെയും ബത്തേരി വെറ്ററിനറി യൂണിറ്റിലെയും വനപാലകർ ചേർന്നാണ് പുലർച്ചെ അഞ്ചു മണിയോടെ കടുവയെ കുപ്പാടിയിലേക്ക് മാറ്റിയത്. കടുവ ദൗത്യത്തിനായി സ്ഥലത്തു ക്യാമ്പ് ചെയ്യുന്ന മലപ്പുറം അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ ശ്യാമോഹൻ കടുവയെ പരിശോധിച്ചു. വൈൽഡ് ലൈഫ് ഡിവിഷൻ്റെ ചുമതല വഹിക്കുന്ന എഡി സി എഫ് അരുൾ സെൽവൻ നടപടികൾ ഏകോപിപ്പിച്ചു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ വനപാലകരെ വനം മന്ത്രി എ കെ ശശിധരൻ അഭിനന്ദിച്ചു.
പ്രശ്നക്കാരനായ കടുവയെ പിടികൂടിയെങ്കിലും കടുവകളുടെ പ്രജനന കാലം മുൻനിർത്തിയുള്ള ജാഗ്രത തുടരണമെന്നും വണ്ടിക്കടവ് ചീയമ്പം, 74 മേഖലയിൽ കന്നുകാലികളെ വനത്തിനകത്ത് മേയാൻ വിടരുത് എന്നും വിഭവ ശേഖരണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വനത്തിൽ പോകരുതെന്നുംവനംവകുപ്പ് മുന്നറിയിപ്പ് നൽകി.
