December 20, 2025

സാധനങ്ങള്‍ക്ക് 50 ശതമാനംവരെ വിലക്കുറവ്, സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ചന്ത തിങ്കള്‍ മുതല്‍

Share

 

തിരുവനന്തപുരം : വൻ വിലക്കുറവുമായി സപ്ലൈകോയുടെ ക്രിസ്മസ് ന്യൂ ഇയർ ചന്തകള്‍ ഡിസംബർ 22 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജിആർ അനില്‍ രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കില്‍ നിർവഹിക്കും. ഡിസംബർ 31 വരെയാണ് ചന്തകള്‍ പ്രവർത്തിക്കുക.

 

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്‍പ്പനശാലയില്‍ ചന്തയുണ്ടാകും. ഇതിന് പുറമെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളില്‍ പ്രത്യേക ചന്തകളും സംഘടിപ്പിക്കും.

 

ക്രിസ്മസ് പുതുവത്സര ചന്തയില്‍ 280 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനംവരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും.

 

ക്രിസ്മസിനോട് അനുബന്ധിച്ച്‌ സാൻ്റ ഓഫർ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ്‌ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ്‌ 500 രൂപയ്ക്ക് നല്‍കും.

 

സപ്ലൈകോയുടെ പെട്രോള്‍ പമ്ബുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഇളവ്‌ ലഭിക്കും.

 

അതേസമയം സപ്ലൈകോ അത്യാധുനിക രീതിയില്‍ സംവിധാനം ചെയ്യുന്ന ഷോപ്പിങ്‌ മാളായ സിഗ്നേച്ചർ മാർട്ട് തലശേരിയിലും കോട്ടയത്തിലും ജനുവരിയില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.