ഗില്‍ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമില്‍
ദുബയ് : ട്വന്റി-20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.അഭിഷേക് ശർമ, തിലക് വർമ്മ, ഇഷാൻ കിഷൻ, വരുണ്‍ ചക്രവർത്തി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദർ, കുല്‍ദീപ് യാദവ്, ഹർഷിത് റാണ, അർഷദീപ് സിംഗ്, ജസ്പ്രിത് ബുംറ എന്നിവരും ഇടം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് ടീമില്‍ ഇടം നേടാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനങ്ങളും പരിക്കും വില്ലനായെന്നാണ് കരുതുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്ബരയിലും ഗില്‍ ഇടം നേടിയേക്കില്ല. സെയ്ദ് മുഷ്താഖ് ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാണ് ഇഷാൻ കിഷനെ തുണച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സെലക്ടർ അജിത് അഗാർക്കർ എന്നിവരാണ് വാർത്താസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്ബരയിലേയും സെയ്ദ് മുഷ്താഖ് ട്രോഫിയിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലുമാണ് ടീമിനെ സെലക്‌ട് ചെയ്തത്. 2026 ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് തുടങ്ങുന്നത്. നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ പാകിസ്ഥാൻ,നമീബിയ,നെതർലാൻഡ്സ്, യു.എസ്.എ എന്നീ ടീമുകള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ലോകകപ്പിന് മുമ്ബ് ഇന്ത്യയ്ക്ക് ന്യൂസിലാൻഡുമായി അഞ്ച് ട്വന്റി-20കളുടെ പരമ്ബരയുണ്ട്. ലോകകപ്പിനായുള്ള ടീമാകും ഈ പരമ്ബരയില്‍ കളിക്കുക. ട്വന്റി-20 ഫോർമാറ്റിലെ നായകനായി സൂര്യകുമാർ യാദവിന് വലിയ വെല്ലുവിളിയാണ് ഈ ലോകകപ്പ്. കിരീടം നിലനിറുത്താനായില്ലെങ്കില്‍ സൂര്യയുടെ ക്യാപ്ടൻസി തെറിച്ചേക്കും.
