സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പുൽപ്പള്ളി : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് തടവ്.
2023 ൽ കാട്ടിക്കുളത്ത് കരുണ ഭവൻ വൃദ്ധ സദനത്തിൽ നിന്ന് 22000 രൂപ വില മതിക്കുന്ന കാപ്പിക്കുരു മോഷണം നടത്തിയ കേസിലും, പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്ന് 4000 രൂപയോളം കവർന്ന കേസിലും, കാട്ടിക്കുളം സെന്റ് പീറ്റെഴ്സ് മലങ്കര പള്ളിയിൽ കയറി സി.സി.ടി.വിയുടെ ഡി.വി.ആർ മോഷ്ടിച്ച കേസിലും, ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവർന്ന കേസിലും ഇയാൾ പ്രതിയാണ്. പുൽപള്ളി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ വി മഹേഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ഫിറോസ് ഖാൻ സിപി.ഒ റോബിൻ പൗലോസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.
