എസ്ഐആര്‍ : അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം
തിരുവനന്തപുരം : വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും ജോലി പൂര്‍ത്തിയാക്കുന്നതിന് അവരുടേതായ സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ യു ഖേല്‍ക്കര്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍പ്പട്ടികയുടെ എസ് ഐ ആറിനുള്ള ഫോറങ്ങളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ നാലാണ്. അതേസമയം ഷെഡ്യൂളിന് കുറച്ച് ദിവസം മുമ്ബ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എസ് ഐ ആര്‍ സമയത്ത് ഒഴിവാക്കപ്പെട്ട ഏതെങ്കിലും വോട്ടര്‍മാരെ കണ്ടെത്താന്‍ അധിക സമയം ലഭ്യമാകുമെന്നും സി ഇ ഒ വിശദീകരിച്ചു.
നാലിന് മുമ്ബ് ജോലി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പല മേഖലകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി എല്‍ ഒ) ഫോറങ്ങളുടെ വിതരണവും ശേഖരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവയുടെ ഡിജിറ്റൈസേഷന്‍ പ്രക്രിയ ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഡിജിറ്റൈസേഷനായി ആളുകള്‍ക്ക് നേരിട്ട് ഫോമുകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളില്‍ ക്യാമ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂട്ടായ പ്രക്രിയയിലൂടെ, നാലിന് മുമ്ബ് ജോലി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ഒമ്ബതിന് കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും
ഡിജിറ്റൈസേഷന്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം, ഒമ്ബതിന് കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുമെന്നും അവകാശവാദങ്ങളും എതിര്‍പ്പുകളും ഉന്നയിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ വോട്ടര്‍മാര്‍ക്കായി കോള്‍ സെന്ററും ഇ മെയില്‍ ഐ ഡിയും സജ്ജീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ഫോമുകള്‍ സമര്‍പ്പിക്കാന്‍ മറ്റാരെയെങ്കിലും അധികാരപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
