November 12, 2025

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട : 87 ലക്ഷത്തോളം രൂപ പിടികൂടി 

Share

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു . എസും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൻ്റെ മുൻവശം വച്ച് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന 86,58 ,250 (എൺപത്തിയാറ് ലക്ഷത്തി അൻപത്തിയെട്ടായിരത്തി ഇരുനൂറ്റിയൻപത് രൂപ കണ്ടെടുത്തു . കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാംഗ്ലൂർ – കോഴിക്കോട്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര , സംഗ്ലീ ജില്ലയിൽ ഖാനപ്പൂർ താലൂക്കിൽ കർവ വില്ലേജിൽ ചിൻഞ്ചനി പി. ഒ യിൽ തുക്കാറാം രംഗറാവു നിഗം മകൻ സാൻകേത് തുക്കാറാം നിഗം,വയസ്സ് 24, മഹാരാഷ്ട്ര, സംഗ്ലീ ജില്ലയിൽ ടാൻഗാവ് താലൂക്കിൽ സൊർഗാവ് വില്ലേജിൽ നിംബ്ലാക്ക് പി.ഒ യിൽ ഭിം റാവു ബാപ്പു പട്ടേൽ മകൻ ഉമേഷ് പട്ടേൽ, വയസ്സ് 25 എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്‌ കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. പ്രിവൻ്റീവ് ഓഫീസർ അരുൺ പ്രസാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, സുദിപ് .ബി , സിവിൽ എക്സെസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. പിടികൂടിയ തുക തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറും. ഈ മാസം ആദ്യവാരം മീനങ്ങാടിയിൽ വച്ച് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെ യും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി മൈസൂർ കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിയാറ് ലക്ഷത്തി ഒൻപതിനായിരം രൂപ കണ്ടെടുത്തിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.