November 4, 2025

വിദ്യാര്‍ഥി കണ്‍സെഷൻ ഓണ്‍ലൈനാകുന്നു. ; സ്വകാര്യ ബസുകളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

Share

 

തിരുവനന്തപുരം : കെഎസ്‌ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും വിദ്യാർഥികള്‍ക്കുള്ള യാത്രാ കണ്‍സെഷൻ ഇനി മുതല്‍ ഓണ്‍ലൈൻ വഴി. മോട്ടോർ വാഹന വകുപ്പിന്റെ (MVD) എംവിഡി ലീഡ്സ് (MVD LEADS) മൊബൈല്‍ ആപ്പ് വഴിയാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ കണ്‍സെഷൻ സംബന്ധിച്ച്‌ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടാകുന്ന തർക്കങ്ങള്‍ ഒഴിവാക്കാം.

 

പുതിയ സംവിധാനം എങ്ങനെ:

 

കണ്‍സെഷൻ ആവശ്യമുള്ള വിദ്യാർഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.യാത്രചെയ്യേണ്ട പാത (റൂട്ട്) ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതം വിദ്യാലയ അധികൃതർ കണ്‍സെഷന് ശുപാർശ നല്‍കും.വിദ്യാലയ അധികൃതരുടെ ശുപാർശ പരിശോധിച്ച്‌ അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളാണ് കണ്‍സെഷൻ അനുവദിക്കുക.കണ്‍സെഷൻ അനുവദിക്കപ്പെട്ടാല്‍ ക്യൂആർ കോഡുള്ള ഒരു കണ്‍സെഷൻ കാർഡ് ഓണ്‍ലൈനായി ലഭിക്കും. ഇതിന്റെ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാർഥികള്‍ക്ക് ആപ്പിലെ ക്യൂആർ കോഡ് നേരിട്ട് കണ്ടക്ടറെ കാണിക്കാം.കണ്ടക്ടറുടെ മൊബൈല്‍ ഫോണില്‍ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്ബോള്‍ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് വ്യക്തമാകും.

 

നേട്ടങ്ങള്‍:

 

കണ്‍സെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാം.പഠനാവശ്യത്തിന് മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സർക്കാരിന് ലഭ്യമാകും.

 

ആപ്പില്‍ രജിസ്റ്റർ ചെയ്യേണ്ടവർ:

 

സർക്കാർ അംഗീകൃത വിദ്യാലയങ്ങള്‍, ബസ് ജീവനക്കാർ, വിദ്യാർഥികള്‍ എന്നിവർ ആപ്പില്‍ രജിസ്റ്റർ ചെയ്യണം. സർക്കാർ അംഗീകൃത വിദ്യാലയങ്ങള്‍ക്ക് മാത്രമേ കണ്‍സെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ.


Share
Copyright © All rights reserved. | Newsphere by AF themes.