മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ : മഞ്ഞുമ്മല്‍ ബോയ്സ് മികച്ച ചിത്രം ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം.’ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
പ്രകാശ് രാജ് ചെയർമാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്ബർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്.
