November 3, 2025

പോലീസ്- മോട്ടോർ വാഹന വകുപ്പുകളുടെ നീക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകി : ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

Share

 

പുൽപ്പള്ളി: പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകിയ അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ, ബിബിൻ ബേബി(42) സഹോദരൻബിജു ബേബി (38) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ബിബിൻ അഡ്മിനായ ‘ടാക്സി ഡ്രൈവേഴ്സ് വയനാട്’ എന്ന ഗ്രൂപ്പിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും മദ്യം, മയക്കുമരുന്ന് കടത്തുകാർക്കും മണൽ മാഫിയകൾക്കും മറ്റ് സാമൂഹ്യവിരുദ്ധർക്കും സഹായം ചെയ്യുന്ന രീതിയിൽ വിവരങ്ങൾ കൈമാറി വന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെയും സൈബർ സെല്ലിന്റെയും തുടർച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ബിബിൻ വലയിലാകുന്നത്.

 

നിരവധി അംഗങ്ങളുള്ള ഗ്രൂപ്പിൽ 2025 ഒക്ടോബർ മുതൽ നവംബർ വരെയാണ് കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നു വന്നതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി പങ്കുവെച്ച് കുറ്റവാളികൾക്ക് സഹായം ചെയ്തുവരുകയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പങ്കും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.