ഗാർഹീക പീഡനം മൂലം ഭാര്യ ആത്മഹത്യചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും

മീനങ്ങാടി : മീനങ്ങാടി ചൂതുപാറ സൊസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ വി. മൃദുല ശിക്ഷിച്ചത്. 2021 ജൂലൈ നാലിന് പ്രതിയുടെ ഭാര്യയായ അംബിക (45) ഇയാൾക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് വീട്ടിൽ തൂങ്ങി മരണപ്പെട്ട സംഭവത്തിലാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. 1997 ഏപ്രിൽ മാസം മതാചാര പ്രകാരം വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ തന്നെ പ്രതി കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും അംബികയെ ഉപദ്രവിച്ചിരുന്നു. ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടിൽ നിന്ന് പുറത്താക്കുന്നതും പതിവായിരുന്നു. പിന്നീട് നിരന്തര പീഡനം സഹിക്കാൻ വയ്യാതെ ഭർത്താവിനെതിരെ കുറിപ്പെഴുതി അംബിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഗാർഹീക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാർ ആയിരുന്ന സി.പി പോൾ, പി.സി സജീവ് എന്നിവർ കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് ബത്തേരി ഡി.വൈ.എസ്.പി ആയിരുന്ന വി.എസ് പ്രദീപ്കുമാർ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രൊസിക്ക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.