ദുരന്തനിവാരണ പദ്ധതി ; പടിഞ്ഞാറത്തറയിൽ ഹെലിപ്പാഡ് നിര്‍മിക്കാൻ അനുമതി

പടിഞ്ഞാറത്തറ : ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് ഹെലിപ്പാഡ് നിർമിക്കാൻ അനുമതി. പടിഞ്ഞാറത്തറ വില്ലേജില്‍ ബാണാസുരസാഗർ പദ്ധതി പ്രദേശത്തെ 0.61 ഏക്കർ ഭൂമിയില്‍ ഹെലിപ്പാഡ് അപ്രോച്ച് റോഡോടെ നിർമിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് കല്‍പ്പറ്റ റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നല്‍കാൻ കെ.എസ്.ഇ.ബി ഡയരക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (സ്പെഷ്യല്‍ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ്) യാണ് ഹെലിപ്പാട് നിർമിക്കാൻ ദുരന്ത നിവാരണ വകുപ്പിന് ഫണ്ട് അനുവദിക്കുന്നത്.
ഉപാധികളോടെ 50 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് പ്ലോട്ട് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡിന് ഹെലിപ്പാഡ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കും എന്നതാണ് പ്രധാന വ്യവസ്ഥ. ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി ബോർഡില്‍ നിലനില്‍ക്കും. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കണം. നിർമാണത്തിന് കെ.എസ്.ഇ.ബിക്ക് ബാധ്യത ഉണ്ടാകാൻ പാടില്ല. നിർമാണ പ്രവർത്തനങ്ങള്‍ ബാണാസുരസാഗർ ഡാമിന്റെയും അനുബന്ധ ഘടനകളുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം.
ഭൂമിയിലേക്കുള്ള പ്രവേശനത്തിന് തടസമുണ്ടാക്കരുത്. നിർമാണ പ്രവർത്തനങ്ങള്‍ റിസർവോയറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുത്. ആവശ്യമെങ്കില്‍ വനം/റവന്യൂ പോലുള്ള മറ്റ് വകുപ്പുകളുടെ ക്ലിയറൻസുകള്‍/എൻ.ഒ.സി. നേടാനുള്ള ഉത്തരവാദിത്തം പി.ഡബ്ല്യു.ഡി /ദുരന്ത നിവാരണ വകുപ്പിനായിരിക്കും.
പദ്ധതി നിർവഹണം ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചായിരിക്കും നടത്തുന്നതെന്ന് പി.ഡബ്ല്യു.ഡി. ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. കേന്ദ്ര ധനമന്ത്രാലയവും ടൂറിസം മന്ത്രാലയവും ചേർന്ന് സംസ്ഥാനങ്ങള്‍ക്കായി ആരംഭിച്ച കേന്ദ്ര സർക്കാർ സംരംഭമാണ് സ്പെഷ്യല്‍ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ്. മൂലധനച്ചെലവുള്ള പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ നല്‍കുന്നതാണ് എസ്.എ.എസ്.സി.ഐ പദ്ധതി.