2 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ കഫ്സിറപ്പ് നല്‍കരുത് ; സര്‍ക്കുലറുമായി സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ സർക്കുലർ. 2 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത് നിർദേശിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സർക്കുലർ നല്‍കി. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകള്‍ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജാഗ്രത കടുപ്പിക്കുകയാണ് കേരളവും. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികള്‍ക്കും ഫാർമിസിസ്റ്റുകള്‍ക്കും ഡ്രഗ് കണ്‍ട്രോളർ സർക്കുലർ നല്‍കിയത്.
2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ കഫ് സിറപ്പുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകള്‍ ഒഴിവാക്കണം. ഇത്തരം മരുന്ന് കുറിപ്പടികള്‍ വന്നാല്‍ മരുന്ന് നല്‍കേണ്ടതില്ലെന്നും നിർദ്ദേശം ഉണ്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടി വന്നാല്‍ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നല്‍കണം. അംഗീകൃത നിർമാതാക്കളുടെ മരുന്ന് മാത്രമേ വില്‍ക്കാവൂ. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകള്‍ വിറ്റാല്‍ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
സംസ്ഥാനവ്യാപകമായി മെഡിക്കല്‍ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്സിറപ്പിന്റെ 170 സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 52 സാമ്ബിളുകള്‍ സംസ്ഥാന ഡഗ് കണ്‍ട്രോളർ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ഡ്രഗ് ടസ്റ്റിംഗ്
ലബോറട്ടറികളിലാണ് പരിശോധന അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അപകടമുണ്ടാക്കിയതായി കരുതുന്ന SR 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം. സംസ്ഥാനത്ത് ഈ ബ്രാൻഡിന്റെ വില്‍പ്പന തന്നെ ഡ്രഗ് കണ്‍ട്രോളർ നിരോധിച്ചിട്ടുണ്ട്. ഈ കഫ് സിറപ്പിന്റെ വില്‍പന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന മറ്റ് ബ്രാൻഡുകളുടെ സാമ്ബിളുകളും ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട് ഇതിന് പുറമേ കേരളത്തില്‍ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്ബിളുകള്‍ ശേഖരിക്കുന്നുണ്ട്.