October 4, 2025

കള്ളക്കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടുവച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

Share

 

പുൽപ്പള്ളി : കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38) പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്, കാനാട്ടുമലയിൽ തങ്കച്ചൻ (അഗസ്റ്റിൻ) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഗസ്റ്റിനെ കേസിൽ കുടുക്കാൻ ശ്രമം നടന്നത്. പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും നിർത്തിയിട്ട കാറിനടിയിൽ കൊണ്ടു വയ്ക്കുകയായിരുന്നു.

 

അഗസ്റ്റിനെ കുടുക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദ് (41)നെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഗൂഗിൾ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്ഫോടക വസ്തുക്കളും കാർ ഷെഡിൽ കൊണ്ടു വച്ച യഥാർത്ഥ പ്രതിയായ അനീഷ് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

 

22.08.2025 തീയതിയാണ് തങ്കച്ചൻ അറസ്റ്റിലായത്. തങ്കച്ചൻ നിരപരാധിയാണെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. പോലീസിൽ വിവരം നൽകിയവരുടെ ഉൾപ്പെടെയുള്ള ഫോൺ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.