അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു

കണിയാമ്പറ്റ : അജ്ഞാത വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നു. കണിയാമ്പറ്റ ടൗണിലെ പഞ്ചായത്ത് കാത്തിരിപ്പ്കേന്ദ്രമാണ് വാഹനമിടിച്ച് തകർന്നത്. ബസ് കാത്തിരിപ്പ്കേന്ദ്രം ഒരു ഭാഗത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. മേൽക്കൂരയും ഭിത്തികളും തകർന്ന നിലയിലാണ്. വൈദ്യുത ലൈൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തട്ടിനിൽക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈന് മാറ്റിയാണ് അപകടാവസ്ഥയ്ക്ക് പരിഹാരം കണ്ടത്.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മാനന്തവാടി ഭാഗത്തേക്ക് പോയ വാഹനമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഒട്ടേറെ യാത്രക്കാർക്ക് ഏക ആശ്രയമായ കാത്തിരിപ്പുകേന്ദ്രമാണിത്. വാഹനം ഇടിച്ചതോടെ ഇതിനകത്ത് ബസ് കാത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.