വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു : പ്രവാസികള്‍ ആശങ്കയിൽ

കേരളത്തിലേക്കുള്ള വിമാന സർവ്വീസുകള്‍ കുത്തനെ വെട്ടിച്ചുരുക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയില്‍ ആശങ്കയിലായി പ്രവാസികള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളില്‍ നിന്നുള്ള ഗള്‍ഫ് സർവ്വീസുകളാണ് കുറച്ചത്. ചില സർവ്വീസുകള്‍ ശൈത്യകാലത്ത് പൂർണ്ണമായും റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ വർഷത്തെ ശീതകാല സർവീസ് ഷെഡ്യൂള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി വിമാനക്കമ്ബനികള്‍ അവരുടെ നിർദ്ദിഷ്ട റൂട്ടുകളും ഫ്ലൈറ്റ് സർവ്വീസുകളും ഇന്ത്യൻ സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് (DGCA) സമർപ്പിക്കാറുണ്ട്. ഡിജിസിഎയാണ് പിന്നീട് പ്രതിവാര ഫ്ലൈറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.
ഒക്ടോബർ പകുതിയോടെ ഷെഡ്യൂള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ ഇതിനോടകം തന്നെ വിമർശനങ്ങള്‍ ഉയർന്നുതുടങ്ങി. എയർ ഇന്ത്യ കേരളത്തെ ഒരു പരിഗണനയും നല്‍കാതെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു.
ശൈത്യകാലത്ത് പൊതുവെ കേരളത്തിലേക്ക് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.നവംബർ 28 ന് സ്കൂളുകള്‍ക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ അവധിയായിരിക്കും. ഡിസംബർ എട്ടിനാണ് ഔദ്യോഗികമായി ശൈത്യകാല അവധി ആരംഭിക്കുന്നത്.ഈ രണ്ട് അവധികള്‍ക്കിടയിലുള്ള ദിവസങ്ങളിലും ധാരാളം കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാറുണ്ട്. അതുകൊണ്ട് തന്നെ സർവ്വീസുകള്‍ വെട്ടി കുറച്ചത് യാത്രക്കാരെ ബാധിക്കുമെന്ന് ട്രാവല്‍ ഏജൻസികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഡിമാന്റ് കുറഞ്ഞതിന് അനുസരിച്ചുള്ള താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണിതെന്നും വേനല്‍ക്കാല ഷെഡ്യൂള്‍ മാർച്ചില്‍ ആരംഭിക്കുമ്ബോള്‍ സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
‘ശൈത്യകാലത്ത് വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കാണ് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേർ എത്താറുള്ളത്. പ്രത്യേകിച്ച് വാരണാസി, ജയ്പൂർ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി സർവ്വീസുകള്‍ ഉണ്ടാകാറുള്ളത്. ശൈത്യകാല ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാമാണ് ഇതിന് കാരണം. എന്നാല്‍ വേനല്‍ക്കാലത്ത് സ്ഥിതി വ്യത്യസ്തമാണ്. സ്കൂള്‍ അവധിക്കാലങ്ങളും ഓണം പോലെയുള്ള ആഘോഷങ്ങളും കാരണം കേരളത്തിലേക്കാണ് കൂടുതല്‍ യാത്രക്കാർ എത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമുള്ള ഒന്നല്ല ഈ റൂട്ട് പുനഃക്രമീകരണം. ഇൻഡിഗോ ,ആകാശ എയർലൈൻസുകളും ഇത്തരത്തില്‍ സർവ്വീസുകള്‍ പുനഃക്രമീകരിക്കാറുണ്ട്’, അധികൃതർ പറഞ്ഞു.
യുഎഇ-കേരള കണക്റ്റിവിറ്റിയില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന് വിമാനക്കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നും കമ്ബനി പ്രതികരിച്ചു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസുകളെയാണ് ഈ വെട്ടിക്കുറയ്ക്കല്‍ ഏറ്റവുമധികം ബാധിക്കുകയെന്നാണ് സൂചന.
കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
വിമാനക്കമ്ബനിയുടെ ഉറപ്പുകള്‍ക്കിടയിലും, യാത്രാ ഷെഡ്യൂളുകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകള്‍ പുറത്തുവന്നതിനുശേഷം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയർന്നു. ഡിസംബറിലെ യാത്രകള്‍ക്കായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്ക് നിലവില്‍ 1,200 ദിർഹം മുതല്‍ 1,400 ദിർഹം വരെയാണ്. ക്രിസ്മസ്, പുതുവത്സര അവധികള്‍ അടുക്കുമ്ബോള്‍ ഈ വിലകള്‍ ഇനിയും കൂടും. സാധാരണ സമയങ്ങളില്‍ ഈ റൂട്ടുകളിലെ നിരക്ക് 800 ദിർഹം മുതല്‍ 1,000 ദിർഹം വരെയാണ്.
വിമാനക്കമ്ബനികള്‍ സർവീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും, കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് വലിയ ഡിമാൻഡുണ്ടെന്ന് ട്രാവല്‍ ഏജൻസികള്‍ പറയുന്നു. ഈ ആവശ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഈ സമയത്ത് സർവ്വീസുകള്‍ വെട്ടിക്കുറക്കുന്നത് തീർച്ചയായും പ്രവാസികളെ ആശങ്കയിലാഴ്ത്തും. പ്രത്യേകിച്ച് വരാനിരിക്കുന്ന അവധികളുടെ കൂടി പശ്ചാത്തലത്തില്‍. അതിനാല്‍ എത്രയും പെട്ടെന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇവർ പ്രതികരിച്ചു.