അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍

മുംബൈ : ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ആദ്യമായി ശത കോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് ആരാധകരുടെ എസ് ആർ കെ ഇടം പിടിച്ചത്.
59 വയസ്സുള്ള സൂപ്പർ താരത്തിന്‍റെ ആസ്തി 12490 കോടി രൂപയാണ്. വൻകിട വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍, സെലിബ്രിറ്റി പട്ടികയില്‍ കിംഗ് ഖാൻ തന്നെയാണ് മുന്നില്‍. ഇതോടെ ഫോർബ്സ് മാഗസിൻ 1.6 ബില്യണ്‍ ഡോളർ ആസ്തി കണക്കാക്കുന്ന അർനോള്‍ഡ് ഷ്വാസ്‌നെഗർ, പോപ്പ് താരം റിഹാന, ഗോള്‍ഫ് താരം ടൈഗർ വുഡ്‌സ്, ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരുടെ പട്ടികയിലും കിംഗ് ഖാൻ ഇടം നേടും. ബോളിവുഡ് നടി ജൂഹി ചൗള, നടന്മാരായ ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, ചലച്ചിത്ര സംവിധായകൻ കരണ്‍ ജോഹർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍.
ഷാരൂഖിന് നേട്ടമായത് ‘റെഡ് ചില്ലീസ്’
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് 2002 ല്‍ സ്ഥാപിച്ച ഇന്ത്യൻ ബഹുരാഷ്ട്ര കമ്ബനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്‍റാണ് സ്വപ്ന നേട്ടത്തിലേക്കുള്ള വഴി തുറന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്‍റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഷാരൂഖ് ഖാന്റെ സമ്ബത്ത് വൻതോതില്‍ ഉയർന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ജവാനിലൂടെ സ്വന്തമാക്കിയ താരത്തിന് മറ്റൊരു നേട്ടം കൂടിയായി ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ല്‍ ഇടം പിടിച്ചത്.
രണ്ടാം സ്ഥാനത്ത് ജൂഹി ചൗള
ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലെ പട്ടികയില്‍ ഷാരൂഖ് ഖാന് പിന്നിലായി ബോളിവുഡിലെ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജൂഹി ചൗളയാണ്. 7,790 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളക്കുള്ളത്. ഐ പി എല്‍ ടീമായ നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹി ചൗളയുടെ ആസ്തിയുടെ പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈല്‍ ബ്രാൻഡായ എച്ച് ആർ എക്‌സിന്റെ പങ്കാളിത്തമാണ് ഹൃത്വിക് റോഷന് ഗുണം ചെയ്യുന്നത്. 1,880 കോടി രൂപയുമായി കരണ്‍ ജോഹറാണ് തൊട്ടുപിന്നിലുള്ളത്. 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.