ചീരാലിലെ വന്യമൃഗ ആക്രമണം : വനംവകുപ്പ് നാടകം അവസാനിപ്പിക്കണം – യൂത്ത് കോൺഗ്രസ്

ബത്തേരി : ചീരാലിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ വെറുതെ കൂട് സ്ഥാപിച്ചു നാട്ടുകാരുടെ കണ്ണിൽ പൊടി ഇടുന്ന പരിപാടികൾ അവസാനിപ്പിക്കണം എന്ന് യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പുലിയും കരടിയും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ ഇറങ്ങി നടക്കുകയാണ്. വളർത്തു മൃഗങ്ങളെയൊക്കെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന കാഴ്ചയാണ് ദിവസവും കാണുന്നത് . അതിരാവിലെ പാൽ അളക്കാൻ പോകുന്ന ക്ഷീരകർഷകരും വിദ്യാർത്ഥികളും ജോലി കഴിഞ്ഞു വരുന്ന സ്ത്രീകൾ അടക്കമുള്ളവർ പേടിയോടെ ആണ് യാത്ര ചെയുന്നത് . വന്യജീവി ആക്രമണങ്ങൾ പ്രദേശത്തു വർധിച്ചു വന്നിട്ടു മാസങ്ങളായിട്ടും ശാശ്വത പരിഹാരം കാണാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മന്ത്രിയോ ഉദ്യോഗസ്ഥരോ തിരഞ്ഞു നോക്കിയിട്ടും ഇല്ല . ഈ ചീരാൽ എന്ന പ്രദേശം കേരളത്തിലുള്ള ഒരു പ്രദേശം തന്നെ ആണെന്ന കാര്യം വനം മന്ത്രിയെ ഉത്തരവാദിത്തപെട്ടവർ ഓർമിപ്പിക്കുന്നത് നല്ലതായിരിക്കും എന്നും യോഗം ഓർമ്മിപ്പിച്ചു. ഇനിയും ഈ കൂട് സ്ഥാപിച്ചു ജനങ്ങളുടെ മുന്നിൽ നാടകം കാളി തുടരുക ആണെങ്കിൽ ശക്തമായ പ്രതിക്ഷേധവും ആയി മുന്നോട് പോകുമെന്ന് യോഗം ഓർമിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജയ് മാങ്കൂറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഫ്സൽ പീച്ചു, രാഹുൽ ആലിങ്ങൽ, സുജിത് പി സി, സജി പഴൂർ,വിബിൻ നമ്പിയാർകുന്നു, രെജീഷ് മുണ്ടകൊല്ലി, ഷജീർ ചീരാൽ, മനു ജോയ് തുടങ്ങിയവർ സംസാരിച്ചു