ഇന്ന് രണ്ട് തവണ കൂടി : 1,040 രൂപ വർധിച്ച് വമ്പൻ കുതിപ്പിൽ സ്വര്‍ണവില

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഉച്ചക്ക് ശേഷം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 10,715 രൂപയും പവന് 360 രൂപ വര്‍ധിച്ച് 85,720 രൂപയുമായി.
രാവിലെ ഗ്രാമിന് 85 രൂപ വര്‍ധിച്ചതിന് പുറമെയാണിത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 1,040 രൂപയാണ്. ഒക്ടോബറില്‍ യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണമാകുന്നത്. സംസ്ഥാനത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. സെപ്റ്റംബറില്‍ മാത്രം കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചത് പവന് 8,080 രൂപയാണ്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലഗ്രാമിന് 35 രൂപ വര്‍ധിച്ച് 8,810 രൂപയിലെത്തി. 14 കാരറ്റിന് 6,790 രൂപയും 9 കാരറ്റിന് 4,380 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 150 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും സര്‍വകാല റെക്കോഡിലാണ്.
വരുന്ന ഒക്ടോബറില്‍ യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്നാണ് 90 ശതമാനം നിക്ഷേപകരുടെയും പ്രതീക്ഷ. ഡിസംബറില്‍ ഒരിക്കല്‍ കൂടി നിരക്ക് കുറക്കാനുള്ള സാധ്യത 65 ശതമാനമാണ്. യു.എസ് സര്‍ക്കാര്‍ പുറത്തുവിടാനുള്ള ചില തൊഴില്‍ കണക്കുകളിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഭരണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 85,720 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ ഇതിലുനമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ സഹിതം ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 92,759 രൂപയെങ്കിലും വേണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.