October 5, 2025

വാട്സാപ്പിന് വെല്ലുവിളിയായി ഇന്ത്യൻ നിര്‍മിത മെസേജിംഗ് ആപ്പ്; ജോയിൻ ചെയ്തരുടെ എണ്ണം വെറും മൂന്നുദിവസം മൂന്നര ലക്ഷത്തിലേക്ക്

Share

 

വാട്സാപ്പിന് വെല്ലുവിളിയായി പുതിയ മെസ്സേജിംഗ് ആപ്പ് വികസിപ്പിച്ച്‌ ഇന്ത്യൻ കമ്ബനിയായ സോഹോ കോർപ്പറേഷൻ. ശ്രീധര്‍ വെമ്ബു നേതൃത്വം നല്‍കുന്ന സോഹോ ‘അറട്ടൈ’ (Arattai) എന്ന മെസേജിംഗ് ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്പില്‍ ജോയിന്‍ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. വെറും മൂന്ന് ദിവസം കൊണ്ട് 3,000ത്തില്‍ നിന്ന് മൂന്നര ലക്ഷം അംഗങ്ങളാണ് ജോയിൻ ചെയ്തിരിക്കുന്നത്. 100 ശതമാനമാണ് വര്‍ധന. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ളവയെ മറികടന്നാണ് ഈ നേട്ടം.

 

സോഹോ കോര്‍പ്പറേഷന്‍ എക്‌സിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച്‌ അറിയിച്ചത്. ആപ്പിന്റെ ഉപയോഗം കുത്തനെ കൂടിയതോടെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോഹോ ടീം വിശ്രമമില്ലാതെ പണയെടുക്കുകയാണെന്നും കമ്ബനി പറയുന്നു.

 

പിന്തുണച്ച്‌ പ്രമുഖര്‍

രാജ്യം സ്വദേശിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുമ്ബോഴാണ് അറട്ടെയുടെ ഈ വിജയം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പെര്‍പ്ലെക്‌സിറ്റി എ.ഐയുടെ സി.ഇ.ഒ അരവിന്ദ് ശ്രീനിവാസന്‍, ഈഡല്‍വൈസ് മ്യൂച്വല്‍ഫണ്ട് ചീഫ് രാധിക ഗുപ്ത തുടങ്ങിയ പ്രമുഖര്‍ അറട്ടൈയെ പ്രകീര്‍ത്തിച്ച്‌ രംഗത്ത് എത്തിയിട്ടുണ്ട്.

 

‘സൗജന്യവും, ഉപയോഗിക്കാന്‍ എളുപ്പവും, സുരക്ഷിതവുമായ’ ആപ്പ് എന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പൗരന്മാരോട് ആപ്പ് പരീക്ഷിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

 

പെട്ടെന്നുള്ള കുതിപ്പിന് പിന്നില്‍

2021ലാണ് സോഹോ പരീക്ഷണാടിസ്ഥാനത്തില്‍ അറട്ടൈ എന്ന മെസേജിംഗ് ആപ്പ് പുറത്തിറക്കിയത്. ചാറ്റ് എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് അറട്ടൈ. തുടക്കത്തില്‍ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും എ.ഐ അനുബന്ധ വെല്ലുവിളികളും സുരക്ഷാപ്രശ്‌നങ്ങളുമൊക്കെ വന്നതോടെ പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാന്‍ നിരവധി പേര്‍ താത്പര്യം കാണിച്ചത് അറട്ടൈയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. സ്‌പൈ വെയര്‍ രഹിത ഇന്ത്യന്‍ നിര്‍മിത മെസഞ്ചര്‍ എന്ന വിശേഷണവും ഗുണമായി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത പാലിക്കുമെന്നും സോഹോ ഉറപ്പു നല്‍കുന്നുണ്ട്. കോളുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചാറ്റുകളിലും ഇത് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.

 

വാട്‌സാപ്പിനെ പൂര്‍ണമായി മറികടക്കുമോ?

ടെക്സ്റ്റ്, ഇമേജ്, വീഡിയോ ഷെയറിംഗ്, വീഡിയോ കോളുകള്‍, സ്‌റ്റോറീസ് തുടങ്ങി സാധാരണ മെസേജിംഗ് ആപ്പുകള്‍ക്ക് സമാനമായ ഫീച്ചറുകളെല്ലാം അറട്ടൈയിലുണ്ട്. ഇതൊക്കെയാണെങ്കിലും വാട്‌സാപ്പിനെ പൂര്‍ണമായി മറികടക്കുക എന്നത് അറട്ടൈയ്ക്ക് അത്ര എളുപ്പമാകില്ല. നിലവില്‍ 50 കോടിയിലധികം പേരാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. പലരുടെയും ഡിഫോള്‍ട്ട് ചാറ്റ് സെറ്റിംഗാണിത്. ബിസിനസ് ട്രാന്‍സാക്ഷന്‍ പോലും ഇതു വഴി നടക്കുന്നു. അറട്ടൈയുടെ ഔദ്യോഗിക ഡൗണ്‍ലോഡ് നമ്ബറുകള്‍ കമ്ബനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സോഹോയുടെ ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ അതിന്റെ സെര്‍വറുകള്‍ക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. 1996ല്‍ ചെന്നൈയില്‍ തുടക്കമിട്ട സാങ്കേതിക വിദ്യാസ്ഥാപനമാണ് സോഹോ.


Share
Copyright © All rights reserved. | Newsphere by AF themes.