October 5, 2025

ഏഷ്യാ കപ്പില്‍ ഇന്ന് കിരീടപോരാട്ടം : ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

Share

 

ദുബായ് : ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. ദുബായില്‍ രാത്രി എട്ടിനാണ് ഫൈനല്‍ മത്സരം തുടങ്ങുക. ടൂർണമെന്‍റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹസ്തദാനത്തിനുപോലും തയ്യാറാവാത്ത അയല്‍ക്കാർ. കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന വീറും വാശിയും. വൻകരയുടെ ചാമ്ബ്യൻമാരാവാൻ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്ബോള്‍ പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

ഒറ്റക്കളിയും തോല്‍ക്കാതെ സൂര്യകുമാർ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്ഥാൻ തോറ്റത് രണ്ടുകളിയില്‍. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറില്‍ ആറ് വിക്കറ്റിനും. ഇനിയൊരു തോല്‍വികൂടി താങ്ങാനാവില്ല സല്‍മാൻ അലി ആഘയ്ക്കും സംഘത്തിനും. ഇതുവരെയുളള മികവുകൊണ്ട് ഇന്ത്യയെ മറികടക്കാൻ പാകിസ്ഥാന് കഴിയില്ലെന്നുറപ്പ്.

 

ഇന്ത്യക്ക് സന്തോഷവാര്‍ത്ത

 

വെടിക്കെട്ട് തുടക്കം നല്‍കുന്ന അഭിഷേക് ശർമ്മ പരിക്കില്‍നിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. അഭിഷേകും ശുഭ്മൻ ഗില്ലും ക്രീസിലുറച്ചാല്‍ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസണ്‍, ശിവം ദുബേ എന്നിവർ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുംറയുടെ വേഗപന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേല്‍ എന്നിവരുടെ സ്പിൻ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.

 

പ്രശ്നങ്ങളൊഴിയാതെ പാകിസ്ഥാന്‍

 

പാക് നിരയില്‍ പ്രതിസന്ധികള്‍ രൂക്ഷം. നാല് കളിയില്‍ പൂജ്യത്തിന് പുറത്തായ സായിം അയൂബും നായകൻ സല്‍മാൻ അലി ആഘയും അടക്കമുള്ളവർ റണ്‍കണ്ടെത്താൻ പാടുപെടുന്നു. ബൗളിംഗ് നിരയ്ക്കും മൂർച്ച പോര. ഷഹീൻ ഷാ അഫ്രീദിയുടെ ബൗളിംഗ് മികവ് മാത്രമല്ല അവസാന ഓവറുകളിലെ കൂറ്റനടികളും പാകിസ്ഥാന് നിർണായകം. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് മുഖാമുഖം വരുന്നത്. ഇന്ത്യ ആറാം കിരീടം ലക്ഷ്യമിടുമ്ബോള്‍ രണ്ടാം കീരിടത്തിനായാണ് പാകിസ്ഥാൻ ഇറങ്ങുന്നത്. ടി20യിലെ നേർക്കുനേർ കണക്കില്‍ ഇന്ത്യക്ക് സമഗ്രാധിപത്യം. പതിനഞ്ച് കളിയില്‍ പന്ത്രണ്ടിലും ജയം. പാകിസ്ഥാൻ ഇനിമുതല്‍ ഇന്ത്യക്ക് എതിരാളികളേ അല്ലെന്ന് സൂര്യകുമാർ യാദവ് പറയാൻ കാരണവും ഈ കണക്കുകള്‍ തന്നെ.


Share
Copyright © All rights reserved. | Newsphere by AF themes.