ഇന്ത്യയെ വിറപ്പിച്ച് ലങ്ക മടങ്ങി ; സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ത്രില്ലര്‍ വിജയം : നാളെ പാകിസ്ഥാനുമായി ഫൈനല്‍ അങ്കം

ദുബായ് : ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കയ്ക്കെതിരേ ത്രില്ലർ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവറില്‍ ശ്രീലങ്ക ഉയർത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ നേടിയ 203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക നേടിയ സെഞ്ചുറിയാണ് മത്സരം ഗംഭീരമാക്കിയത്. ഞായറാഴ്ചയാണ് ഇന്ത്യ-പാക് ഫൈനല്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. താരം ഡക്കായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പതും നിസങ്കയും കുശാല്‍ പെരേരയും തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ വെടിക്കെട്ടോടെ ഇരുവരും നിറഞ്ഞുനിന്നു. ആറോവറില്‍ 72 റണ്‍സാണ് ലങ്കന്‍ ടീം അടിച്ചെടുത്തത്. ലങ്കയ്ക്ക് വേണ്ടി 58 പന്തില്‍ 107 റണ്‍സുമായി പതും നിസങ്ക വീരോചിതമായി പൊരുതിയപ്പോള്‍ മത്സരം ടൈയില്‍ കലാശിച്ചു. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസങ്കയുടെ ഇന്നിങ്സ്.
അവസാന രണ്ടോവറില്‍ 23 റണ്‍സാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 11 റണ്‍സ് അടിച്ചെടുത്തതോടെ അവസാനഓവറിലെ ലക്ഷ്യം 12 റണ്‍സായി മാറി. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. 58 പന്തില്‍ നിന്ന് 107 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ ഷാനക സ്കോർ കണ്ടെത്തിയതോടെ അവസാനപന്തില്‍ മൂന്ന് റണ്‍സായിരുന്നു വിജയലക്ഷ്യം. അവസാനപന്തില്‍ വണ്ടുറണ്‍സെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് തകർത്ത് പന്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തില്‍ രണ്ട് സിക്സും എട്ട് ബൗണ്ടറികളുമടക്കം 61 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഹാര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 49 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ 21 റണ്‍സെടുത്തും പുറത്താവാതെ നിന്നു.