തിരുനെല്ലിയില്‍ വിദ്യാര്‍ഥിക്ക് നേരെ വന്യജീവി ആക്രമണം

മാനന്തവാടി : വന്യജീവി ആക്രമണത്തില്‍ വിദ്യാർഥിക്ക് പരിക്ക്. തിരുനെല്ലി തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
വീടിന് സമീപത്ത് നിന്നും കുളി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ ‘വരയൻ പുലിയെ ‘കണ്ടതായും, അത് ആക്രമിക്കുകയുമായിരുന്നെന്നാണ് കുട്ടി വനപാലകരോട് പറഞ്ഞിരിക്കുന്നത്. ശരീരത്തില്‍ നഖം കൊണ്ടതിന്‍റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പുലിയാകാമെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.