October 5, 2025

മലാപ്പറമ്പ് മുതല്‍ മുത്തങ്ങവരെ നാലുവരിപ്പാത ; ഡിപിആറിനായി ടെന്‍ഡര്‍ ക്ഷണിച്ചു

Share

 

കൽപ്പറ്റ : കോഴിക്കോട് മലാപ്പറമ്പുമുതല്‍ മുത്തങ്ങവരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കുന്ന റോഡ് പ്രവൃത്തിക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ട നിര്‍ദിഷ്ട ചുരം ബൈപ്പാസ് ( ചിപ്പിലിത്തോട്- മരുതിലാവ്- തളിപ്പുഴ) റോഡുകൂടി ഉള്‍പ്പെട്ട പാതയ്ക്കാണ് സര്‍വേ നടപടികളുടെ വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്‍സികളെ തേടിയത്.

 

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ (മോര്‍ത്ത്) തിരുവനന്തപുരത്തെ റീജണല്‍ ഓഫീസില്‍ ഒക്ടോബര്‍ 16-ന് ടെന്‍ഡര്‍ തുറക്കും. ‘മോര്‍ത്തി’ന്റെ മുന്‍ഗണനാലിസ്റ്റിലുള്ള പദ്ധതിയാണിത്.

 

മലാപ്പറമ്പുമുതല്‍ പുതുപ്പാടിവരെയും, പുതുപ്പാടിമുതല്‍ മുത്തങ്ങവരെയുമുള്ള 112 കിലോമീറ്റര്‍ ദൂരം ദേശീയപാത 766 മുപ്പതുമീറ്ററോളം വീതിയില്‍ നാലുവരിയായി വികസിപ്പിക്കും. അതേസമയം, ഇതിനിടയില്‍വരുന്ന താമരശ്ശേരി ചുരം പാത അതേപടി നിലനിര്‍ത്തി മറ്റൊരു പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി അതിലെ ഏറ്റവും ഇടുങ്ങിയ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍വളവുകള്‍ വനംവകുപ്പില്‍ നിന്ന് നേരത്തേ ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തി വീതികൂട്ടും.

 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൗധരി ആന്‍ഡ് ചൗധരി കണ്‍സ്ട്രക്ഷന്‍ കമ്ബനിയാണ് ഇപിസി മാതൃകയിലുള്ള ഈ പ്രവൃത്തിക്ക് കരാര്‍ ഏറ്റെടുത്തത്. വനംവകുപ്പ് അടയാളപ്പെടുത്തി നല്‍കിയ മരങ്ങള്‍ മുറിച്ചുമാറ്റിയും കല്ലും മണ്ണും നീക്കിയും മൂന്നുമാസത്തിനകം ഈ പ്രവൃത്തി തുടങ്ങും.

 

അതേസമയം, ചുരത്തിന് സമാന്തരപാതയായി 14.5 കിലോമീറ്റര്‍മാത്രം ദൈര്‍ഘ്യത്തില്‍ സ്വകാര്യ, വനഭൂമികളിലൂടെ കടന്നുപോവുന്ന ഹെയര്‍പിന്‍ വളവുകളില്ലാത്ത നിര്‍ദിഷ്ട ചുരം ബൈപ്പാസ് റോഡ് നാലുവരിയായി യാഥാര്‍ഥ്യമാക്കി ഇരുറീച്ചുകളെയും ബന്ധപ്പെടുത്തും. താമരശ്ശേരി, കൊടുവള്ളി, മീനങ്ങാടി, ബത്തേരി ബൈപ്പാസുകള്‍കൂടി ഉള്‍പ്പെട്ടതാണ് നിര്‍ദിഷ്ട നാലുവരിപ്പാതാവികസനം. നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പുതിയ പാലങ്ങളും കലുങ്കുകളും നിര്‍മിക്കും. റോഡിന്റെ വീതികൂട്ടി പുതുക്കിയ അലൈന്‍മെന്റ്, മണ്ണുപരിശോധന, ജിപിആര്‍എസ് സര്‍വേ എന്നിവ നടത്തി വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കും.


Share
Copyright © All rights reserved. | Newsphere by AF themes.