October 5, 2025

ഏഷ്യാകപ്പിൽ വീണ്ടും അഭിഷേക് ഷോ, ബംഗ്ലാദേശിനെ 41 റണ്‍സിന് തകർത്തു ; ഇന്ത്യ ഫൈനലിൽ

Share

 

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ രണ്ടാമങ്കവും ജയിച്ച്‌ ടീം ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ്. അട്ടിമറി മോഹിച്ചെത്തിയ ബംഗ്ലാദേശ് ഒന്നു വിറപ്പിച്ചെങ്കിലും ബൗളിങ് മികവില്‍ ഇന്ത്യ 41 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു.169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ബംഗ്ലാ കടുവകള്‍ കാര്യമായി പൊരുതാതെ 19.3 ഓവറില്‍ 127ന് പുറത്തായി.

 

ഓപ്പണര്‍ സെയ്ഫ് ഹസനെയൊഴികെ (69) മറ്റാരെയും ക്രീസില്‍ അധികനേരം നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 51 ബോളില്‍ മൂന്നു ഫോറും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പര്‍വേസ് ഹൊസെയ്‌നാണ് (21) രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍.

 

 

 

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് അവരെ വരിഞ്ഞുകെട്ടി. മൂന്നു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് എതിരാളികളെ തകര്‍ത്തത്.

 

വീണ്ടും തകര്‍ത്തടിച്ച്‌ അഭിഷേക്

 

പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയ അഭിഷേക് ശര്‍മയാണ് ഒരിക്കല്‍ക്കൂടി ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തയത്. 37 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം 75 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനാവുകയായിരുന്നു.

 

മറ്റാരും ബാറ്റിങില്‍ കാര്യമായി ക്ലിക്കായില്ല. ഹാര്‍ദിക് പാണ്ഡ്യ (38), ശുഭ്മന്‍ ഗില്‍ (29) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ശിവം ദുബെ (2), നായകന്‍ സൂര്യകുമാര്‍ യാദവ് (5), തിലക് വര്‍മ (5) എന്നിവരെല്ലാം നിറംമങ്ങി. ബംഗ്ലാദേശിനായി റിഷാദ് ഹൊസെയ്ന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഇന്ത്യക്കായി ഏഴു പേര്‍ ബാറ്റിങിനു ഇറങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിനു ബാറ്റിങിനു അവസരം നല്‍കിയില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഒരിക്കല്‍ക്കൂടി മികച്ച തുടക്കമാണ് ഗില്‍- അഭിഷേക് ജോടി ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 41 ബോളില്‍ 77 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. മൂന്നാം നമ്ബറില്‍ ദുബെയെ പരീക്ഷിക്കാനുള്ള നീക്കം ദുരന്തമായി. വെറും രണ്ടു റണ്ണെടുത്ത് താരം പുറത്തായി. ആദ്യ 10 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 96 റണ്‍സെന്ന ശക്തമായ നിലിലായിരുന്നു ഇന്ത്യ.

 

 

 

എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യ ഉറപ്പായും 200 പ്ലസ് റണ്‍സ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എല്ലാവരും ഒരുപോലെ പതറി. 73 റണ്‍സ് മാ്ത്രമേ അവസാന 10 ഓവറില്‍ ഇന്ത്യക്കു ലഭിച്ചുള്ളൂ. നാലു വിക്കറ്റുകള്‍ ഇതിനിടെ കൈവിടുകയും ചെയ്തു.

 

ടോസിനു ശേഷം ബംഗ്ലാദേശിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജാക്കര്‍ അലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിശീലനത്തിനിടെയേറ്റ പരിക്കു കാരണമാണ് സ്ഥിരം നായകന്‍ ലിറ്റണ്‍ ദാസിനു ഈ മല്‍സരം നഷ്ടമായത്. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. ബംഗ്ലാദേശ് ടീമില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു.

 

ഗ്രൂപ്പുഘട്ടത്തില്‍ ചാംപ്യന്മാരായാണ് ഇന്ത്യ ആദ്യം കരുത്തുകാട്ടിയത്. ആദ്യ മല്‍സരത്തില്‍ യുഎഇയെ ഒമ്ബതു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ കളിയില്‍ ബദ്ധവൈരികളായ പാകിസ്താനെയും ഇന്ത്യ നില തൊടീച്ചില്ല. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയാണ് ഇന്ത്യ ആഘോഷിച്ചത്. പക്ഷെ മൂന്നാമത്തെ കളിയില്‍ ഒമാനെതിരേ ടീം ചെറുതായൊന്നു പതറി. എങ്കിലും 21 റണ്‍സിന്റെ വിജയം കൈക്കലാക്കി.

 

സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി മുഖാമുഖം വന്നു. ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ചില പിഴവുകള്‍ വരുത്തിയെങ്കിലും ബാറ്റിങ് കരുത്തില്‍ ആറു വിക്കറ്റിന്റെ വിജയം ഇന്ത്യ പിടിച്ചെടുത്തു.

 

അതേസമയം, സര്‍പ്രൈസ് പ്രകടനമാണ് ലിറ്റണ്‍ ദാസിന്റെ ബംഗ്ലാദേശ് ടീം ടൂര്‍ണമെന്റില്‍ കാഴ്‌വയ്ക്കുന്നത്. ശ്രീലങ്കയും അഫ്ഗാനിസ്താനുമുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്നും അവര്‍ പ്ലേഓഫിലെത്തുമെന്നു ആരും പ്രതീക്ഷിച്ചതല്ല. ആദ്യ കളിയില്‍ ഹോങ്കോങിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ബംഗ്ലാ ടീം തുടങ്ങിയത്.

 

പക്ഷെ രണ്ടാമത്തെ മല്‍രത്തില്‍ ലങ്കയോടു അവര്‍ക്കു ആറു വിക്കറ്റിന്റെ പരാജയം നേരിട്ടു. എന്നാല്‍ അടുത്ത കളിയില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിനു വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റെടുത്തു. ആദ്യ കളിയില്‍ തന്നെ ശ്രീലങ്കയ്ക്കു അവര്‍ ഷോക്കും നല്‍കി. നാലു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ സര്‍പ്രൈസ് വിജയം.

 

പ്ലെയിങ് ഇലവന്‍

 

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

 

ബംഗ്ലാദേശ്- സെയ്ഫ് ഹസ്സന്‍, തന്‍സീദ് ഹസ്സന്‍ തമീം, പര്‍വേസ് ഹൊസെയ്ന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സെയ്ഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ റഹ്മാന്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.