October 5, 2025

കോണ്‍ഗ്രസ് വാക്കുപാലിച്ചു ; എന്‍.എം വിജയന്റെ ബാങ്കിലെ കുടിശ്ശിക അടച്ചു തീര്‍ത്തു

Share

 

ബത്തേരി : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച്‌ തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം എന്‍ എം വിജയന്റെ ആധാരം ഉള്‍പ്പെടെയുള്ളവ തിരിച്ച്‌ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

 

 

കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം വിശദീകരിച്ചിരുന്നത്. തന്റെ പിതാവ് പാര്‍ട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാന്‍ നോക്കുന്നതായി വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു. 2007 കാലഘട്ടത്തില്‍ എന്‍ എം വിജയന്‍ എടുത്ത ലോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്കല്ല ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. പാര്‍ട്ടിക്കായി വരുത്തിവച്ച കടം തങ്ങളുടെ ബാധ്യതയാകുന്നുവെന്ന് ആരോപിച്ച്‌ പത്മജ കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.

 

എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്ബത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു. എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.