October 4, 2025

ഉരുൾ ദുരന്തം : മുസ്ലിംലീഗിൻ്റെ വീടുനിര്‍മാണം ഉടൻ നിര്‍ത്താൻ പഞ്ചായത്ത് നിര്‍ദേശം

Share

 

മേപ്പാടി : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലിംലീഗ് തൃക്കൈപ്പറ്റയില്‍ പണിയുന്ന വീടുകളുടെ നിർമാണം ഉടൻ നിർത്തിവെക്കാൻ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി ആവശ്യപ്പെട്ടു. നിയമാനുസൃതമായ അനുമതി ലഭിക്കുന്നതുവരെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് പഞ്ചായത്ത് സെക്രട്ടറി, ലീഗിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും നിർമാണം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി പ്രവൃത്തി തടഞ്ഞത്.

 

തൃക്കൈപ്പറ്റയിലെ ഭൂമിയില്‍ പ്ലോട്ട് വികസനം നടത്താമെന്ന തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഉത്തരവുപ്രകാരം സമർപ്പിച്ച അപേക്ഷയില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് 68 പ്ലോട്ട് വികസനത്തിനും ഭൂമി പുനർവിഭജനത്തിനും അനുമതിനല്‍കിയിരുന്നു. ഇതുപ്രകാരം പ്ലോട്ട് വികസനത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിനോടൊപ്പം കെട്ടിടനിർമാണത്തിനുള്ള അപേക്ഷയും നല്‍കേണ്ടതായിരുന്നു.എന്നാല്‍, ഇതുനല്‍കാതെ സ്വകാര്യ സിവില്‍ എൻജിനിയറില്‍നിന്ന് ഏഴ് സെല്‍ഫ് സർട്ടിഫൈഡ് പെർമിറ്റ് സമ്ബാദിച്ച്‌ നിർമാണം നടത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി എം. ഷാജു പറഞ്ഞു.

 

ഇതിനെത്തുടർന്നാണ് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച്‌ കഴിഞ്ഞ എട്ടിനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ഇതിന് ലീഗ് മറുപടിനല്‍കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാക്കുകയോ നിയമാനുസൃതമായ അനുമതി വാങ്ങിക്കുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നിർമാണം തുടർന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും അധികൃതർ പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.