ഭാര്യയെയും ഭാര്യമാതാവിനേയും ആക്രമിച്ചു : വിവരമറിഞ്ഞെത്തിയ പോലീസിനെയും മർദ്ദിച്ച് യുവാവിൻ്റെ പരാക്രമം

മേപ്പാടി : ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മേപ്പാടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ, മാമലക്കുന്ന്, സ്വദേശി സദക്കത്തുള്ള(39) ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും, എസ്.സി.പി.ഒയുടെ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തു. കൈക്ക് പരിക്കേറ്റ എസ്.ഐയും, ചുണ്ടിനും മോണക്കും വയറിനും പരിക്കേറ്റ സി.പി.ഒ യും ആശുപത്രിയില്‍ ചികിത്സ തേടി. സദക്കത്തുള്ള ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതെന്ന ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹീക പീഡനത്തിനും, വധശ്രമത്തിനും കൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും മാതാവിനെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, സംഭവം നടന്ന ദിവസം തന്നെ തടഞ്ഞു വച്ച് കഴുത്തിനു കുത്തി പിടിച്ച് കൈ കൊണ്ടും കല്ലിന്റെ ഉരല്‍ കുട്ടി കൊണ്ടും നെഞ്ചില്‍ ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നും കത്തി കൊണ്ട് വീശി കൊല്ലാന്‍ ശ്രമിച്ചെന്നും ഒഴിഞ്ഞു മാറുകയായിരുന്നെന്നും ബിന്ദുവിന്റെ പരാതിയില്‍ പറയുന്നു. ബിന്ദുവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുന്നതിനായി താനറിയാതെ ബുക്ക് ചെയ്ത വിരോധത്തിലാണ് അക്രമം നടത്തിയത്.
15.09.2025 തിയ്യതി രാത്രിയാണ് സംഭവം. ഭര്‍ത്താവ് സദക്കത്തുള്ള തന്നെയും മാതാവിനെയും കൊല്ലാന്‍ ശ്രമിക്കുന്നെന്നും എത്രയും വേഗം രക്ഷിക്കണം എന്നും എമര്‍ജന്‍സി നമ്പറായ 112 ല്‍ ബിന്ദു എന്ന യുവതി വിളിച്ചു പറഞ്ഞത് പ്രകാരം തൃക്കൈപ്പറ്റ, മാമലക്കുന്നിലെത്തിയതായിരുന്നു പോലീസ്. ബിന്ദു ഭയപ്പാടോടെ കരഞ്ഞു കൊണ്ട് റോഡില്‍ നില്‍ക്കുന്നത് കണ്ട് അവരോട് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവ് അവരുടെ വീട്ടില്‍ അക്രമാസക്തനായി ഇവരെ കൊല്ലാന്‍ നില്‍ക്കുകയാണെന്ന് അറിയിച്ചു. ചോദിക്കാന്‍ ചെന്ന ബിന്ദുവിന്റെ സഹോദരനെയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് അവരോടൊപ്പം വീട്ടിലെത്തിയപ്പോള്‍ വീട്ടിലുള്ളവരോട് ബഹളം വച്ച് അക്രമാസക്തനായി സിറ്റ് ഔട്ടില്‍ നില്‍ക്കുകയായിരുന്നു സദക്കത്തുള്ള. അവിടെയുണ്ടായിരുന്ന ബിന്ദുവിന്റെ അമ്മയും ഇവനെ എങ്ങനെയെങ്കിലും ഇവിടെ നിന്നും കൊണ്ടു പോകണമെന്നും അല്ലെങ്കില്‍ ഇവന്‍ ഞങ്ങളെ കൊല്ലുമെന്നു പറയുകയും ചെയ്തു.
ഇയാളെ അനുനയിപ്പിക്കുന്നതിനായി എസ്.ഐ സംസാരിക്കുന്നതിനിടെ ഇയാള്‍ വീണ്ടും അക്രമാസക്തനായി എസ്.ഐയുടെ കൈ പിടിച്ചു തിരിക്കുകയും തള്ളി മാറ്റുകയും വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സി.പി.ഒ പ്രമോദിന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും കാലുകൊണ്ട് വയറിന് ചവിട്ടി താഴെ ഇടുകയും ചെയ്തു. നിലത്ത് കിടന്ന ഒരു കരിങ്കല്ലെടുത്ത് പ്രമോദിനെ വീണ്ടും അക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ പിടികൂടി കീഴ്‌പ്പെടുത്തി നാട്ടുകാരന്റെ സഹായത്തോടെ കല്പറ്റ ഗവ. ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തുകയുമായിരുന്നു. സദക്കത്തുള്ള മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.