September 16, 2025

വയനാട് പുനരധിവാസം : കേന്ദ്രം നല്‍കിയത് സഹായമല്ല, 526 കോടിയുടെ വായ്പയെന്ന് മുഖ്യമന്ത്രി

Share

 

തിരുവനന്തപുരം : വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്രസർക്കാർ നല്‍കിയത് സഹായധനമല്ല, മറിച്ച്‌ ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

526 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതെന്നും, എന്നാല്‍ ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല, മറിച്ച്‌ വായ്പയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി ഉപാധിരഹിതമായ സഹായം ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. കേന്ദ്ര സഹായം ലഭിക്കാതിരുന്ന ഘട്ടത്തിലും വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച പിന്തുണയും സഹായ വാഗ്ദാനങ്ങളുമാണ് സർക്കാരിന് ഊർജ്ജം നല്‍കിയത്.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും (CMDRF), കോടതി റിലീസ് ചെയ്ത തുകയില്‍ നിന്നും, സാസ്കി (SASKI) പദ്ധതിയില്‍ നിന്നും കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും പകുതിയോളം തുകയ്ക്ക് ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചു. സാസ്കി പദ്ധതിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചെയർമാനായുള്ള ഒരു കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ദുരന്തം നടന്ന് ഒരു വർഷത്തിലേറെയായിട്ടും ദുരന്തബാധിത പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സേഫ് സോണായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലെ വാർഡുകളിലേക്ക് ഇപ്പോഴും റോഡ് നിർമ്മിച്ചിട്ടില്ലെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ലെന്നും നജീബ് കാന്തപുരം എം.എല്‍.എ ആരോപിച്ചു. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

 

ബെയ്ലി പാലത്തിനപ്പുറമുള്ള സ്വന്തം സ്ഥലങ്ങളിലേക്കും റിസോർട്ടുകളിലേക്കും പോകാൻ ദുരന്തബാധിതർക്ക് ഓരോ ദിവസവും പ്രത്യേക പാസ് എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്ഥിരം പാസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കുള്ളില്‍ വീടുകള്‍ കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.