ഏഷ്യാകപ്പ് : യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, വെറും 30 മിനിറ്റില്‍ ജയിച്ചു ; വേണ്ടിവന്നത് 27 പന്ത് മാത്രം

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് മുൻപില്‍ ചാരമായി യുഎഇ. യുഎഇ മുൻപില്‍ വെച്ച 58 റണ്‍സ് മറികടക്കാൻ ഇന്ത്യക്ക് വേണ്ടിവന്നത് 4.3 ഓവർ മാത്രം.27 പന്തില്‍ 30 മിനിറ്റ് കൊണ്ട് ഇന്ത്യ ജയം പിടിച്ചു. 9 വിക്കറ്റും 93 ബോളും ശേഷിക്കെ ജയം പിടിച്ച് ഇന്ത്യ പ്രതീക്ഷിച്ചത് പോലെ തന്നെ കരുത്ത് കാട്ടി. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും യുഎഇ ബോളർമാരോട് ഒരു ദയയും കാണിച്ചില്ല. യുഎഇയുടെ ട്വന്റി20 ചരിത്രത്തിലെ ബോള്‍ മാർജിനിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്.
ഓപ്പണർമാർ യുഎഇക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരുടേയും മിന്നും ബാറ്റിങ്ങിന് അധികം ആയുസുണ്ടായില്ല. ചീട്ടുകൊട്ടാരം പോലെ യുഎഇ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
16 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും പറത്തി നില്‍ക്കെ ജുനൈദിന്റെ പന്തില്‍ ഹൈദറിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് പുറത്തായത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ 9 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സും പറത്തി 20 റണ്‍സോടെ പുറത്താവാതെ നിന്നു. വണ്‍ഡൗണായി വന്ന സൂര്യകുമാർ യാദവ് 2 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്തു. അഞ്ചാമത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ ബൗണ്ടറി നേടി ഗില്‍ ആണ് ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ പവർപ്ലേ അവസാനിക്കുമ്ബോ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്ത്യൻ ബോളർമാർക്ക് മുൻപില്‍ പിടിച്ചുനില്‍ക്കാനാവാതെ യുഎഇ ബാറ്റർമാർ ഒന്നൊന്നായി മടങ്ങി. കുല്‍ദീപ് യാദവ് നാല് വിക്കറ്റും ശിവം ദുബെ മൂന്ന് വിക്കറ്റും പിഴുതു. ഓപ്പണർമാർ ഒഴികെ യുഎഇ നിരയിലെ മറ്റൊരു ബാറ്ററും രണ്ടക്കം കടന്നില്ല.
ഇനി ഞായറാഴ്ച പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. യുഎഇക്കെതിരെ ഇറങ്ങിയ അതേ പ്ലേയിങ് ഇലവനെ തന്നെയാവുമോ ഇന്ത്യ പാക്കിസ്ഥാനെതിരേയും ഇറക്കുന്നത് എന്ന് അറിയണം. യുഎഇക്കെതിരെ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച സഞ്ജുവിനെ ബാറ്റിങ് പൊസിഷനില്‍ അഞ്ചാമത് ഇറക്കാനാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. പാക്കിസ്ഥാനെതിരെ മധ്യനിരയില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചാല്‍ അത് പ്രയോജനപ്പെടുത്താൻ സഞ്ജുവിനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.