വന്‍കുതിപ്പില്‍ സ്വര്‍ണവില, 80000 കടന്നു : ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,000 രൂപ

സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സർവകാല റെക്കോഡിലാണ് 24 കാരറ്റ് സ്വർണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വർണം 3,634.25 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
യുഎസിലെ തൊഴിലില്ലായ്മ നിരക്കിലെ വർധനവാണ് സ്വർണ വിലയെ സ്വാധീനിച്ചത്. തൊഴില്‍ സാധ്യത കുറയുന്ന സാഹചര്യത്തില്‍ ഫെഡ് റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ വീണ്ടും സ്വർണത്തിന് കുതിപ്പേകി.