മണ്ണിടിച്ചിൽ: വയനാട് ചുരത്തിലെ ഗതാഗതം പൂർണമായി നിരോധിച്ചു

കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിലെ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ട സാഹചര്യത്തിൽ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു. യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം.
റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് വലിയ മണ്ണിടിച്ചിലാണുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. കല്പറ്റയില്‍നിന്നും ഫയർ ഫോഴ്‌സ് എത്തി മണ്ണും മരങ്ങളും നീക്കിത്തുടങ്ങി. വൈകീട്ട് ഈ പ്രദേശത്ത് മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ ഒരുവരിയായി നിലവില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയായിരുന്നു.
മഴയില്ലാത്ത സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിൻ്റെ കാരണം വിശദമായി പരിശോധിച്ചതിന് ശേഷമാകും ചുരം വഴിയുള്ള ഗാതഗതം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം ഉണ്ടാവുകയുള്ളു എന്നും കളക്ടർ അറിയിച്ചു.
വാഹനങ്ങള്‍ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. രണ്ട് ജെസിബി ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്. പാറ പൊട്ടിച്ച് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വയനാട്ടിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ നിരവധി വാഹനങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഗതാഗതം നിരോധിച്ചതോടെ താമരശ്ശേരി ചുരം വഴി കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്ബ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ടെന്നും കളക്ടറും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി ഒ ആർ കേളു നേരത്തെ പ്രതികരിച്ചിരുന്നു. രാത്രിയിലെ മണ്ണുനീക്കം പ്രതിസന്ധിയാണെങ്കിലും പരമാവധി വേഗത്തില്‍ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.