50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മാനന്തവാടി : വയനാട് പോലീസിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിൽ കുരുങ്ങി ലഹരി മാഫിയ. 50 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
താമരശ്ശേരി കണ്ണപ്പൻകുണ്ട് വെളുത്തേൻകാട്ടിൽ വീട്ടിൽ വി.കെ മുഹമ്മദ് ഇർഫാനെ (22) യാണ് 22.08.2025 ന് പുലർച്ചെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് വരുകയായിരുന്ന പ്രൈവറ്റ് സ്ലീപ്പർ ബസിലെ പരിശോധനയിലാണ് ഇർഫാൻ വലയിലായത്. ബസിലെ യാത്രക്കാരനായ ഇയാൾ കിടന്ന ബെഡിൽ മൂന്ന് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച 50.009 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുനെല്ലി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തികളിലും പരിശോധന ശക്തമായി തുടരുകയാണ്. ജില്ലയിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എ കൊമേഴ്ഷ്യൽ അളവിൽ പിടികൂടുന്നത് ഇത് മൂന്നാം തവണയാണ്. മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെ പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയും 20.08.2025 ന് മലപ്പുറത്തെ കൊങ്കഞ്ചേരിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. 20.08.2025 തീയതി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ വെച്ച് 19.38 ഗ്രാം എം.ഡി.എം.എ യുമായി റിപ്പൺ സ്വദേശി വടക്കൻ വീട്ടിൽ കെ അനസ്(21) നെയും പിടികൂടി. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടി ബസ്സിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.