ലൈഫ് മിഷൻ ; വീട് നിര്‍മാണത്തിന് തടസ്സമായ വൈദ്യുതി ലൈനുകള്‍ മാറ്റാനുള്ള ചെലവ് കെഎസ്ഇബി വഹിക്കും

ലൈഫ് മിഷനില്‍ വീട് ലഭിച്ചവര്‍ക്ക് വീട് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി ലൈനുകള്‍ മാറ്റാനുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഇത് സംബന്ധിച്ച് കെഎസ്‌ഇബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആറ് മാസത്തേക്കാണ് പദ്ധതി പ്രാബല്യത്തിലുണ്ടാവുക. 11 കെവി/എല്‍ടി ലൈനുകള്‍/പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള ചെലവാണ് കെഎസ്‌ഇബി വഹിക്കുക. ലൈനുകള്‍ മാറ്റുന്നതിനുള്ള പരമാവധി തുക 50,000 രൂപയായിരിക്കണം. ഇലക്‌ട്രിക്കല്‍ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർമാർക്ക് ഇതിനുള്ള അനുമതി നല്‍കാൻ അധികാരം നല്‍കി.
ഈ സൗകര്യം ലഭിക്കുന്നതിന്, അപേക്ഷകർക്ക് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സാധുവായ ബിപിഎല്‍ സർട്ടിഫിക്കറ്റോ അല്ലെങ്കില്‍ വാർഷിക വരുമാനം 50,000 രൂപയില്‍ താഴെയാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസില്‍ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ, വീട് ലൈഫ് മിഷൻ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്. വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഉടമയുടെ സ്വന്തമായിരിക്കണം.