വയനാട് ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളല്‍ ; കേന്ദ്രത്തിന് അവസാന അവസരം നല്‍കി ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് അവസാന അവസരംനല്‍കി ഹൈക്കോടതി.
സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഓണത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു.
ഇത് അവസാന അവസരമെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സ്വരം കടുപ്പിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ നീട്ടിക്കൊണ്ടുപോകുകയാണ്. ഓണാവധിയല്ലേ, അതിന് ശേഷം താൻ നേരിട്ട് കോടതിയില്‍ വരുന്നുണ്ട്. അന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഏറല്‍ സുന്ദരേശൻ കോടതിയില്‍ പറഞ്ഞത്. സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പറഞ്ഞു.
ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയില്‍ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചത്.