50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

മാനന്തവാടി : തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.
വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ.ടി.ജോസിനെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്.
പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്റ് വയലും 52 സെന്റ് കര ഭൂമിയും അടങ്ങുന്ന വസ്തു പരാതിക്കാരന്റെ പേരിലേക്ക് ഇഷ്ടദാനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് വസ്തുവിന്റെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. സ്ഥലത്തിന്റെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 26.07.2025 തീയതി പയ്യമ്പള്ളി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. പല പ്രാവശ്യം വില്ലേജ് ഓഫീസില്‍ പോയി വില്ലേജ് ഓഫീസറെ നേരില്‍ കണ്ട് പറഞ്ഞിട്ടും വില്ലേജ് ഓഫീസര്‍ കൃത്യമായ മറുപടി നല്‍കാതെ പരാതിക്കാരനെ തിരികെ അയക്കുകയാണുണ്ടായത്.
തുടര്‍ന്നാണ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരം വള്ളിയൂര്‍ക്കാവ് അമ്പലത്തിന് സമീപം പരാതിക്കാരനില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് കെ.ടി. ജോസിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.
പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ പലതവണ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും വില്ലേജ് ഓഫീസര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. വീണ്ടും വില്ലേജ് ഓഫീസില്‍ നേരിട്ടെത്തി വിവരം തിരക്കിയപ്പോള്‍ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു പാലക്കാടുള്ള മൈനറായ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നും തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബുദ്ധിമുട്ടാണെന്നും പറഞ്ഞു.
തിങ്കളാഴ്ച വില്ലേജ് ഓഫീസര്‍ പരാതിക്കാരനെ നേരിട്ട് ഫോണില്‍ വിളിച്ച്, സ്ഥലം അളന്ന് നോക്കിയതിന് ശേഷം സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വ്യക്തത വരുത്താമെന്ന് പറഞ്ഞതനുസരിച്ച് കാറുമായി വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന്‍ വില്ലേജ് ഓഫീസറെയും വില്ലേജ് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെയും പരാതിക്കാരന്റെ കാറില്‍ തന്നെ സ്ഥലം കാണിക്കാന്‍ കൊണ്ട് വന്നിരുന്നു. സ്ഥലം നോക്കിയ ശേഷം തിരികെ വില്ലേജ് ഓഫീസില്‍ എത്തിയ സമയം പരാതിക്കാരനോട് മറ്റ് ഉദ്യോഗസ്ഥരെല്ലാം പോയതിന് ശേഷം ഒറ്റക്ക് കാണണമെന്നും, കുറച്ച് സംസാരിക്കാനുണ്ടെന്നും, കാത്തിരിക്കാനും വില്ലേജ് ഓഫീസര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി 07.30 ഓടെ വില്ലേജ് ഓഫീസറുടെ റൂമിലേക്ക് പരാതിക്കാരനെ വിളിപ്പിക്കുകയും 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം വയനാട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, തുടര്‍ന്ന് നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ (05.08.2025) വൈകുന്നേരം 04 മണിക്ക് വള്ളിയൂര്‍ക്കാവ് അമ്പലത്തിന് സമീപം വെച്ച് പരാതിക്കാരനില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസറായ ജോസിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064, 8592900900, വാട്‌സ് ആപ്പ് 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.