സാധനം വാങ്ങിയശേഷം ലഭിക്കുന്ന ബില്ലുകളും എടിഎം സ്ലിപ്പുകളും അപകടകാരികള്‍ ; ഇതിലെ രാസവസ്തുക്കള്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാം

കടകളില്‍നിന്ന് സാധനം വാങ്ങിയശേഷം ലഭിക്കുന്ന ബില്ലുകള്‍ നമ്മള്‍ പലരും അപ്പോള്‍തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്.ഇത് കുറേകാലം ബാഗില്‍ സൂക്ഷിച്ചുവെയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം പേപ്പറുകള്‍ കൂടുതല്‍ കാലം നമ്മുടെ കൈയില്‍ നില്‍ക്കുമ്ബോഴുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്.
ഈ ഷോപ്പിങ് ബില്ലുകള്‍പോലെ തന്നെ റസ്റ്ററന്റ് രസീതുകള്‍, എടിഎം സ്ലിപ്പുകള്‍ എന്നിവയില്‍ ബിസ്ഫെനോള്‍ എസ് (ബിപിഎസ്), ബിസ്ഫെനോള്‍ എ (ബിപിഎ) തുടങ്ങിയ അതീവ വിഷമുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടേക്കാം. ഇത് ഹോർമോണ്‍ പ്രവർത്തനത്തെ തടസപ്പെടുത്തും. ഇതിന് ശരീരത്തിലെ മെറ്റബോളിസം, ശരീരത്തിന്റെ വളർച്ച, വികാസം എന്നിവയുള്‍പ്പെട്ട സാധാരണ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ കഴിയും. ഹോർമോണ്‍ തകരാറുകള്‍, തലച്ചോറിന്റെ പ്രവർത്തന വൈകല്യങ്ങള്‍, ബീജങ്ങളുടെ എണ്ണത്തിലെ കുറവ്, സ്തനാർബുദം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുമായും ബിപിഎസിന് ബന്ധമുണ്ട്.
2021-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടെത്തിയത് ബിപിഎയുമായി സമ്ബർക്കം പുലർത്തുന്നത് സ്തനാർബുദത്തിന്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മഷി തെളിയാൻ സഹായിക്കുന്നതിനായി ഈ രാസവസ്തുക്കള്‍ തെർമല്‍ പേപ്പറില്‍ ഒരു ആവരണമായി ചേർക്കുന്നുണ്ട്. യുഎസിലെ 22-ഓളം സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനം ബില്‍ പേപ്പറിലും ബിസ്ഫെനോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പരിസ്ഥിതി ആരോഗ്യ സംഘടനയായ ഇക്കോളജി സെന്റർ 2023-ല്‍ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ‘മക്ഡൊണാള്‍ഡ്’ പോലുള്ള ഭക്ഷണശാലകളിലും ‘വാള്‍മാർട്ട്’ പോലുള്ള സൂപ്പർ മാർക്കറ്റിലും ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിപിഎയും ബിപിഎസും അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
അടുത്തിടെ സെന്റർ ഫോർ എൻവയോണ്‍മെന്റല്‍ ഹെല്‍ത്ത് (സിഇഎച്ച്) അമേരിക്കയിലെ 50 പ്രമുഖ റീട്ടെയിലർമാർക്ക് നിയമലംഘന നോട്ടീസ് അയച്ചിരുന്നു. ബർഗർ കിംഗ്, ഡോളർ ജനറല്‍ തുടങ്ങിയ കമ്ബനികള്‍ക്ക് ബിപിഎസിന്റെ ഉയർന്ന അളവിനെക്കുറിച്ച് സിഇച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പല കമ്ബനികളും ബിപിഎ രഹിത വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഹാനികരമായ രാസവസ്തുക്കള്‍ നാം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്ന് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നാണ് പരിസ്ഥിതി ആരോഗ്യ ഗവേഷകനായ ഡോ. ലിയനാർഡോ ട്രാസാൻഡെ ബിസിനസ് ഇൻസൈഡർക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തെർമല്‍ പേപ്പർ രസീതുകളെ പ്ലാസ്റ്റിക്കായി കണക്കാക്കുന്നില്ലെന്നും അതിലെ തിളങ്ങുന്ന ആവരണം ഒരു പോളിമറാണെന്നും ട്രാസാൻഡെ പറയുന്നു.
ഈ പ്രശ്നം ലഘൂകരിക്കാനുള്ള മാർഗങ്ങളും വിദഗ്ദ്ധർ പങ്കുവെയ്ക്കുന്നുണ്ട്. കഴിയുന്നതും അച്ചടിച്ച രസീതുകള്‍ നിരസിക്കുകയും ഡിജിറ്റല്‍ രസീതുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് വിദഗ്ദ്ധർ പറയുന്നു. കടകളിലെ ജീവനക്കാർ രസീതുകള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കൈയ്യുറകള്‍ ധരിക്കണം. അല്ലെങ്കില്‍ രസീതുകള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്ബ് ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് ക്ലീനറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.