കാറിൽ കടത്തിയ ഏഴുലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

തലപ്പുഴ : ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ തലപ്പുഴ പോലീസിന്റെ പിടിയിൽ. കുടക് ബഡഗരകേരി ബല്ലിയമടേരിയ ഹൗസിൽ ബി.കെ. ബാനു (53), ബി.കെ. സമ്പത്ത് (50) എന്നിവരെയാണ് പ്രിൻസിപ്പൽ എസ്ഐ ടി. അനീഷ് അറസ്റ്റുചെയ്തത്.
തലപ്പുഴ പോലീസ് ഞായറാഴ്ച വൈകീട്ട് ബോയ്‌സ് ടൗണിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കാറിൽ വരുകയായിരുന്ന ഇരുവരും പിടിയിലായത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ ചായകുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ ആൾ അയ്യായിരം രൂപ വാങ്ങി ചാരായം നൽകിയെന്നാണ് പിടിയിലായവർ പോലീസിനു നൽകിയ മൊഴി. ഇതുസംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
അഡീഷണൽ എസ്ഐ പി.കെ. പ്രകാശൻ, എഎസ്‌ഐ റോയ് തോമസ്, സീ നിയർ സിവിൽ പോലീസ് ഓഫീസർ പി.പി. റിയാൻ, സിവിൽ പോലീസ് ഓഫീസർ ടി.എസ്. വിനീത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.