August 3, 2025

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; വൈക്കോലിനും തീറ്റപ്പുല്ലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

Share

 

ക്ഷീരകർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായമെത്തും. വൈക്കോല്‍, തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് ധനസഹായം നല്‍കാൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അനുമതിയായി. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കർഷകർക്ക് ഒരുകിലോഗ്രാം വൈക്കോലിന് നാലുരൂപയും തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് കിലോഗ്രാമിന് മൂന്നുരൂപ നിരക്കിലുമാണ് സഹായം നല്‍കുക. രണ്ടിനുംകൂടി പരമാവധി 5,000 രൂപവരെ ഒരുകർഷകന് നല്‍കാമെന്നാണ് നിർദേശം. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതിനാവശ്യമായ പ്രോജക്‌ട് തയ്യാറാക്കാം. ക്ഷീരസംഘങ്ങള്‍ മുഖേനയാണ് സഹായവിതരണം നടത്തുക.

 

നിലവില്‍ ക്ഷീരകർഷകർക്ക് തദ്ദേശസ്ഥാപനങ്ങള്‍ പാല്‍ ഇൻസെന്റീവാണ് നല്‍കുന്നത്. ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സംയുക്ത പദ്ധതിവഴി ഒരുലിറ്റർ പാലിന് മൂന്നുരൂപ നിരക്കില്‍ കർഷകർക്ക് നല്‍കുന്നുണ്ട്. ഇതുകൂടാതെ, കറവപ്പശുവിനെ വാങ്ങാനും സഹായം നല്‍കുന്നുണ്ട്. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വൈക്കോലിനും തീറ്റപ്പുല്ലിനുംകൂടി സഹായമെത്തിക്കാൻ തീരുമാനിച്ചത്. മിക്ക ക്ഷീരസംഘങ്ങളും നിലവില്‍ പാടശേഖരങ്ങളില്‍നിന്നാണ് വൈക്കോല്‍ വാങ്ങുന്നത്. ഒരുകിലോ വൈക്കോലിന് എട്ടുരൂപയോളം നല്‍കുന്നുണ്ട്. തീറ്റപ്പുല്ലിന് കിലോയ്ക്ക് അഞ്ചുരൂപവരെയും സൈലേജിന് 12 രൂപയോളവും ചെലവാക്കുന്നുണ്ട്. അഞ്ചുലിറ്റർ പാല്‍കറക്കുന്ന പശുവിന് ഒരുദിവസം 20 കിലോ വൈക്കോലെങ്കിലും നല്‍കണമെന്നതിനാല്‍ കർഷകന് വലിയതുക ചെലവാക്കേണ്ടിവരുന്നുണ്ട്. അതിനാല്‍, പുതിയ തീരുമാനം ചെറിയ രീതിയിലെങ്കിലും കർഷകർക്ക് ആശ്വാസമാകും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.