ഇഞ്ചികൃഷിയിലെ രോഗബാധയെ തടയാം ; ‘പൈരിക്കുലാരിയ’ക്കെതിരെയുള്ള പ്രതിരോധം ഇങ്ങനെ

ഇഞ്ചികൃഷി ചെയ്യുന്ന കർഷകരുടെ പ്രധാന തലവേദനയാണ് വിളയിലെ രോഗബാധ. ഇപ്പോഴിതാ ഇഞ്ചികൃഷിക്ക് ‘പൈരിക്കുലാരിയ’ എന്ന ഫംഗസ് രോഗബാധ വ്യാപിക്കുമ്ബോള്‍ അതിന് പ്രതിവിധിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കർഷകർ. 2024ല്‍ കർണാടകയിലെ കുടക് ജില്ലയിലാണ് ഈ ഫംഗസ് രോഗബാധ ആദ്യം കണ്ടെത്തിയത്.
കർണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന വയനാട്ടുകാർ രോഗബാധയെ പ്രതിരോധിക്കാൻ സ്വീകരിച്ച മാർഗങ്ങള്‍ ഫലപ്രദമായിട്ടുണ്ടെന്നാണ് കർഷക സംഘടനയായ യുനൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ (യു.എഫ്.പി.എ) പറയുന്നത്. കുടക്, മൈസൂരു, ഹാസൻ, ചാമരാജഗർ, ഷിമോഗ ജില്ലകളിലാണ് കർഷകർ സ്വന്തംനിലക്ക് പ്രതിരോധ മാർഗങ്ങള്‍ സ്വീകരിച്ചത്. ഇത് ചെയ്തശേഷം ഇഞ്ചികൃഷി വീണ്ടും തളിർത്തിട്ടുണ്ട്.
പ്രതിരോധം ഇങ്ങനെ
രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയും ചെയ്തു. ഇതോടെ വൻ ഉല്‍പാദന നഷ്ടമുണ്ടായി. തുടർന്നാണ് കർഷകർ സ്വന്തം നിലക്ക് പ്രതിരോധ മാർഗങ്ങള്‍ തേടിയത്. ഫംഗസിനെതിരെ ഗ്ലോയിറ്റ്, കവച് എന്നീ മരുന്നുകളിലൊന്ന് 250 മില്ലി ലിറ്റർ ഒരു ബാരല്‍ വെള്ളത്തില്‍ (200 ലിറ്റർ) ലയിപ്പിച്ച് തളിച്ചും ബാക്ടീരിയ പ്രതിരോധത്തിന് സ്ട്രെപ്റ്റോമൈസിൻ (പൊടി), കാസുഗാമൈസിൻ (ലിക്വിഡ്), വലിഡ, വലിഡമൈസിൻ (പൗഡർ) എന്നിവയിലൊന്ന് ഒരു ബാരല്‍ വെള്ളത്തില്‍ 100-150 ഗ്രാം/100 എം.എല്‍ കലർത്തി പ്രയോഗിച്ചുമാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്ന് യു.എഫ്.പി.എ ഭാരവാഹികള്‍ പറയുന്നു.
രോഗബാധയുള്ള കൃഷിയിടങ്ങളില്‍ പോകരുത്
ആളുകളുടെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് പൈരിക്കുലാരിയ ഫംഗസ് പടരുമെന്നതിനാല്‍ രോഗബാധയുള്ള തോട്ടങ്ങളിലെ സന്ദർശനം ഒഴിവാക്കണം. ജോലിക്കാരുടെ ശുചിത്വം ഉറപ്പുവരുത്തണം. കന്നുകാലികള്‍ ഇഞ്ചിപ്പാടങ്ങളില്‍ കയറുന്നത് തടയണം. രോഗബാധയുള്ള ഇടങ്ങള്‍ ഷെയ്ക്ക് നെറ്റ് ഉപയോഗിച്ച് വേർതിരിക്കണം.
കീടങ്ങളെയും നിയന്ത്രിച്ചു, രോഗമകന്നു
ഫംഗസിനൊപ്പം കീടങ്ങളെയും ഇഞ്ചിയുടെ നീരൂറ്റുന്ന ജീവികളെയും നിയന്ത്രിച്ചാണ് കർണാടകയിലെ ഇഞ്ചിക്കർഷകർ രോഗത്തെ തടഞ്ഞുനിർത്തിയത്. കീടനിയന്ത്രണത്തിന് നൊവാകോഡ്, ഗേറ്വേ, തകുമി തുടങ്ങിയ മരുന്നുകളും ഉപയോഗിച്ചു. ഫംഗസ്, കീടബാധകള്‍ക്കെതിരായ മരുന്നുകള്‍ വേറിട്ടു തളിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന് കർഷകർ പറയുന്നു.
മരുന്നുകള്‍ പ്രയോഗിച്ച് ഏഴു ദിവസത്തിനുശേഷം ചെടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് അമിനോ ആസിഡ്, സീവീഡ്, മൈക്രോ ന്യൂട്രിയൻറ്, മറ്റ് ഫോളിയർ വളങ്ങള്‍ എന്നിവ പ്രയോഗിക്കുന്നതു നല്ലതാണ്. ചെടികള്‍ കീഴടക്കുന്ന നിമ വിരകളെയും ഫംഗസുകളെയും നിയന്ത്രിക്കാൻ നിർദേശിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വെള്ളത്തില്‍ ചേർത്ത് ഏക്കറിന് അഞ്ചു ബാരല്‍ എന്ന തോതില്‍ ഒഴിച്ചുകൊടുത്തതും രോഗബാധ കുറച്ചു. കോപ്പർ ഫംഗിസൈഡ്, ആൻറിബയോട്ടിക് മിശ്രിതം ഇടവേളകളില്‍ തളിച്ചു.
രോഗബാധയുള്ള തോട്ടങ്ങളില്‍ ഫംഗസിനെതിരായ മരുന്ന് പ്രയോഗിച്ചശേഷം ഉയർന്ന അളവില്‍ നൈട്രജൻ അടങ്ങിയ വളങ്ങളും രാസ- ഫോളിയർ വളങ്ങളും ഇഞ്ചിക്ക് നല്‍കുന്നത് പരിമിതപ്പെടുത്തുകയും വേണം.