August 1, 2025

ദിനവും ഒന്നിലേറെ തവണ യുപിഐ ഉപയോഗിക്കുന്നുണ്ടോ, സ്ഥിരം ബാലൻസ് നോക്കുമോ ; ഇന്നുമുതൽ ഈ മാറ്റങ്ങള്‍ 

Share

 

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനരീതികളുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.ദിവസേന പലതവണ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ സുപ്രധാനമാണ്. ബാലൻസ് പരിശോധനകള്‍, ഓട്ടോപേ അഭ്യർത്ഥനകള്‍, പേയ്‌മെന്‍റ് പരാജയങ്ങള്‍, ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധനകള്‍ തുടങ്ങിയ സവിശേഷതകളെയാണ് ഈ മാറ്റങ്ങള്‍ ബാധിക്കുക.

 

ബാലൻസ് പരിശോധനയ്ക്ക് പരിധി

 

പുതിയ നിയമങ്ങള്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് ഓരോ ആപ്പിലും ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവേഴ്സ്) ലോഡ് കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഓരോ സാമ്ബത്തിക ഇടപാടിനൊപ്പവും ഉപയോക്താവിന്‍റെ ബാലൻസ് ചേർക്കാൻ ബാങ്കുകള്‍ക്ക് നിർബന്ധമുണ്ട്.

 

ഓട്ടോപേയ്‌മെന്റുകള്‍ക്ക് നിശ്ചിത സമയം

 

ഇഎംഐ, എസ്‌ഐപി, അല്ലെങ്കില്‍ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള യുപിഐയിലെ ഓട്ടോ പേയ്‌മെന്‍റുകളും ഓട്ടോ ട്രാൻസാക്ഷനുകളും രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെയും, രാത്രി 9:30 ന് ശേഷവും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. അതായത്, നിങ്ങളുടെ പേയ്‌മെന്‍റ് രാവിലെ 11 മണിക്ക് ഡ്യൂ ആണെങ്കില്‍, അത് നേരത്തെയോ വൈകിയോ ഡെബിറ്റ് ആയേക്കാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9:30 വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ ഓട്ടോപേ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്.

 

ബാങ്ക് വിവരങ്ങള്‍ ലഭ്യമാക്കാൻ പരിമിതമായ ശ്രമങ്ങള്‍

 

ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്ത വിവരങ്ങള്‍ ഒരു ദിവസം 25 തവണ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. ഇതിലൂടെ, മൊബൈലുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് ഉപയോക്താക്കള്‍ക്ക് കാണാൻ കഴിയും. ഉപയോക്താവ് യുപിഐ ആപ്പുകളില്‍ ഇഷ്യൂവർ ബാങ്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ അഭ്യർത്ഥനകള്‍ ആരംഭിക്കാൻ പാടുള്ളൂ.

 

ഇടപാട് നിലയുടെ വേഗത്തിലുള്ള അപ്‌ഡേറ്റ്

 

തിരക്കേറിയ സമയങ്ങളില്‍, പണം ഡെബിറ്റ് ആവുകയും എന്നാല്‍ സ്വീകർത്താവിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള ഇടപാട് സംബന്ധമായ പ്രശ്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇനി മുതല്‍ യുപിഐ ആപ്പുകള്‍ ഒരു ഇടപാടിന്‍റെ യഥാർത്ഥ പേയ്‌മെന്റ് നില പെൻഡിംഗ് അല്ലെങ്കില്‍ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നതിന് പകരം നിമിഷങ്ങള്‍ക്കകം പ്രദർശിപ്പിക്കേണ്ടതുണ്ട്. ഉപയോക്താവിന് നില പരിശോധിക്കാൻ 3 അവസരങ്ങള്‍ മാത്രമേ ലഭിക്കൂ. ഓരോ പരിശോധനയ്ക്കും ഇടയില്‍ 90 സെക്കൻഡ് സമയം കാത്തിരിപ്പ് ഉണ്ടാകും.

 

ഓരോ ഇടപാടിലും സ്വീകർത്താവിന്റെ പേര്

 

ഓരോ തവണ യുപിഐ വഴി പണം അയക്കുമ്ബോഴും, ഇടപാട് നടത്തുന്നതിന് മുമ്ബ് സ്വീകർത്താവിന്റെ രജിസ്റ്റർ ചെയ്ത പേര് കാണാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഈ മാറ്റങ്ങള്‍ പ്രധാനപ്പെട്ടതല്ലെങ്കിലും, തിരക്കേറിയ സമയങ്ങളില്‍ യുപിഐ ആപ്പുകളിലെ സമ്മർദ്ദം കുറയ്ക്കാനും ഓണ്‍ലൈൻ പേയ്‌മെന്‍റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും അതുവഴി കൂടുതല്‍ ഉപയോക്താക്കളെ ആകർഷിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.