രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു ; സെപ്തംബര്‍ ഒന്നു മുതല്‍ സേവനം നിര്‍ത്തുന്നതായി തപാല്‍ വകുപ്പ്

രജിസ്ട്രേഡ് തപാല്‍ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാല്‍ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതല്‍ ഈ തീരുമാനം നിലവില്‍ വരും.തപാല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു.
ഇനിമുതല്‍ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാല്‍ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ തപാല്‍ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികള്‍ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികള്‍ ഉടൻ പൂർത്തിയാക്കി, ഈ മാസം 31-നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ (മെയില്‍ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗല്‍ ആവശ്യപ്പെട്ടു.