July 15, 2025

കാന്തപുരം ഇടപെട്ടു ; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു : ഇന്ന് രാത്രിയോടെ ഉത്തരവ് ഇറങ്ങും

Share

 

യെമൻ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. എന്നാല്‍ ദിയാധനത്തിൻ്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. നിമിഷപ്രിയക്ക് വേണ്ടിയുള്ള ആക്ഷൻ കൗണ്‍സിലാണ് തീരുമാനം സ്ഥിരീകരിച്ചത്.

 

വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ ആക്ഷൻ കൗണ്‍സില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്.

 

തലാലിൻ്റെ ബന്ധുക്കളും, ഗോത്ര നേതാക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളില്‍ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുള്‍ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകള്‍ക്കുള്ള സാധ്യത തുറന്നത്.

 

ഉത്തരയമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തില്‍ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകള്‍ക്കുള്ള സാധ്യത തുറന്നത്.

 

കഴിഞ്ഞ ദിവസമായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വിഷയത്തില്‍ ഇടപെട്ടത്. യമൻ ഭരണകൂടവുമായി കാന്തപുരം ചർച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

 

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്ബനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. എന്നാല്‍ പിന്നീട് ഇയാളുടെ പീഡനം സഹിക്കവയ്യാതെ മറ്റൊരാളുടെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.