ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ; യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി

ബത്തേരി : ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള നടപടികൾ കടുപ്പിച്ച് വയനാട് പോലീസ്. നിരന്തരം ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം തടങ്കലിലടക്കും. ഇതിന്റെ ഭാഗമായി മലപ്പുറം, ചെലേമ്പ്ര, ചെറുകാവ് പുതിയ കളത്തിൽ വീട്ടിൽ പി. മുഹമ്മദ് ഷമീ (26) മിനെ ബത്തേരി പോലീസ് പിടികൂടി ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 11.07.2025 തിയ്യതി ഷമീമിനെ കരിപ്പൂരിൽ വച്ച് ബത്തേരി പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഷമീം ബത്തേരി സ്റ്റേഷനിലും കരിപ്പൂർ സ്റ്റേഷനിലും ലഹരിക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഡിസംബറിൽ മുത്തങ്ങയിൽ വച്ച് 54.09ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പോലീസ് പിടികൂടിയിരുന്നു. ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് PIT NDPS നിയമം. കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും ലഹരി ഉപയോഗം കടത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.