ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ ; 3 പേർ അറസ്റ്റിൽ

ബത്തേരി : ഒന്നര വർഷം മുൻപ് കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പൊലീസ്. ദൃശ്യം സിനിമയെ ഓർമിപ്പിക്കുന്ന കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളാണ്. നാല് മാസം നീണ്ട അന്വേഷണത്തിൽ മൂന്ന് പ്രതികളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ചിട്ടി കമ്പനി നടത്തിയിരുന്ന ഹേമചന്ദ്രൻ പലർക്കുമായി 20 ലക്ഷം രൂപയോളം നൽകാനുണ്ടായിരുന്നു. ഈ കടം വീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് വിളിച്ചുവരുത്തി. ബലമായി വാഹനത്തിൽ കയറ്റി വയനാട്ടിലെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോയി.
പണം തിരികെ നൽകാൻ തയാറാകാതിരുന്നതോടെ ഹേമചന്ദ്രനെ ക്രൂരമായി മർദിച്ചു. അവശനിലയിലായ ഹേമചന്ദ്രനെ മുറിയിൽ പൂട്ടിയിട്ടശേഷം സംഘം അവിടെനിന്ന് പോയി. അടുത്ത ദിവസം തിരിച്ചെത്തിയപ്പോൾ ഹേമചന്ദ്രൻ മരിച്ചതായി കണ്ടു. മൃതദേഹം വാഹനത്തിൽ കയറ്റി തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടി.
ഹേമചന്ദ്രനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷം സംഘത്തിലെ ഒരാൾ ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ചത് കേസിൽ വഴിത്തിരിവായി. ഇയാൾ മൈസൂരുവിൽനിന്ന് ഹേമചന്ദ്രൻ്റെ മകളെ വിളിച്ചു സംസാരിച്ചിരുന്നു.
ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. വിളിച്ച ഫോൺ നമ്പറിൻ്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു.
പ്രതികളും ഒളിവിൽപോയവരും
പിടിയിലായയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ മറ്റ് രണ്ട് പ്രതികളെയും പിടികൂടി. കൊലപാതക സംഘത്തിൽ രണ്ട് പേർ കൂടിയുണ്ടെന്ന് പിടിയിലായവർ മൊഴി നൽകി.
ഇവരിൽ ഒരാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കായി റെഡ് കോർണർ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാൻ നടപടി തുടങ്ങി.
കോഴിക്കോട് എസിപി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം നിലവിൽ തമിഴ്നാട്ടിലാണ്. മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് ആവർത്തിച്ചു.