ലാൻഡ് ഫോണ്‍ പിൻവലിച്ചു : കെഎസ്ആർടിസി കൗണ്ടറുകളില്‍ ഇനി മൊബൈല്‍ ഫോണ്‍

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകള്‍ ജൂലായ് ഒന്നുമുതല്‍ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈല്‍ ഫോണും ഔദ്യോഗിക സിമ്മും നല്‍കും.
ഈ മൊബൈല്‍ നമ്ബർ പൊതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കണമെന്നും കെഎസ്ആർടിസിയുടെ ഉത്തരവില്‍ പറയുന്നു. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും പൊതുജനങ്ങള്‍ പുതിയ മൊബൈല്‍ നമ്ബരില്‍ വിളിക്കണം. പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് സ്റ്റേഷൻ മാസ്റ്റർ മറുപടിനല്‍കണം.
എൻക്വയറി കൗണ്ടറിലേക്ക് വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നത്. ഷെഡ്യൂളുകളുടെ ക്രമീകരണവും ജീവനക്കാരുടെ വിന്യാസവും നടത്തേണ്ട സ്റ്റേഷൻ മാസ്റ്റർക്ക് എൻക്വയറിക്ക് മറുപടിപറയാനുംകൂടി സമയം കിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
എൻക്വയറി കൗണ്ടർ ഇനി എല്ലായിടത്തുമില്ല
ലാൻഡ് നമ്ബർ ഒഴിവാക്കുന്നതിനുപുറമേ പല ഡിപ്പോകളിലും എൻക്വയറി കൗണ്ടർ നിർത്തിയിട്ടുമുണ്ട്. ഒരു സ്റ്റേഷൻ മാസ്റ്റർമാത്രമുള്ള ഡിപ്പോകളിലാണ് കൗണ്ടർ പ്രവർത്തനം നിർത്തിയത്. ഇത്തരം ഡിപ്പോകളില്‍ കണ്ടക്ടർമാരാണ് എൻക്വയറി കൗണ്ടറുകളില്‍ ഇരുന്നത്. അനുമതിയില്ലാതെയുള്ള ജീവനക്കാരുടെ ‘അദർഡ്യൂട്ടി’ സമ്ബ്രദായം അവസാനിപ്പിക്കണമെന്ന് ചീഫ് ഓഫീസില്‍നിന്ന് കർശന നിർദേശം വന്നു. കോട്ടയം, കൊല്ലം, പുനലൂർ തുടങ്ങിയ പല ഡിപ്പോകളിലും ഇതോടെ എൻക്വയറി കൗണ്ടർ പ്രവർത്തനം നിലച്ചു. ഇതില്‍ ജീവനക്കാർക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. അദർഡ്യൂട്ടി ഒഴിവാക്കുകയാണെങ്കില്‍ പകരം സംവിധാനമൊരുക്കണമെന്നും ജീവനക്കാർ പറയുന്നു.
എൻക്വയറി കൗണ്ടർ പുനഃസ്ഥാപിക്കണം
ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്ക് ബസുകളുടെ വിവരം അറിയാനാണ് എൻക്വയറി കൗണ്ടറുകള്‍. അത് കെഎസ്ആർടിസിയുടെ മുഖമാണ്. അത് നിർത്തുന്നതിനോട് യോജിപ്പില്ല. എൻക്വയറി കൗണ്ടറുകള്‍ പുനഃസ്ഥാപിക്കണമെന്ന് സിഎംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തദിവസം മന്ത്രിക്ക് കത്തുനല്‍കും.