August 10, 2025

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം ഉടൻ : നടപടികള്‍ പൂര്‍ത്തിയായി

Share

 

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം വിട്ടെടുക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടപ്പെടുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

 

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയില്‍ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാല്‍ മൊത്തവ്യാപാരികളും റേഷന്‍ ഡീലര്‍മാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 

 

മണ്ണെണ്ണ വിഹിതത്തിലുണ്ടായ കുറവ് കൂടി പരിഗണിച്ചു കൊണ്ട് കടത്ത് കൂലിയിലും റീട്ടെയില്‍ കമ്മീഷനിലും കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തണമെന്ന് മൊത്ത വ്യാപാരികളും റേഷന്‍ ഡീലര്‍മാരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ ചുമതലപ്പെടുത്തുകയുണ്ടായി. കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി.ഡി.എസ്. സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലിറ്ററിന് 6 രൂപയാക്കി ഉയര്‍ത്തി. രണ്ട് വര്‍ദ്ധനവുകള്‍ക്കും 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

 

 

ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്ബത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയുടെ വിട്ടെടുപ്പും വിതരണവും ഉടന്‍ ആരംഭിക്കും. ഇത് പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാം പാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2025-26 രണ്ടാം പാദത്തിലേയ്ക്കും 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copyright © All rights reserved. | Newsphere by AF themes.